മൂന്ന് പേര്‍ ടീം ഇന്ത്യയില്‍ നിന്ന് പുറത്താകും, പുതിയ പദ്ധതികളുമായി ഗംഭീര്‍
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത ഇന്ത്യ മൂന്നാം തവണയും ജേതാക്കളായി. 2013-ല്‍ എം.എസ്. ധോണിക്ക് കീഴില്‍ കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടുന്നത്. ഈ വിജയത്തോടെ ഏകദിന ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് കോച്ച് ഗൗതം ഗംഭീര്‍ തയ്യാറെടുക്കുകയാണ്. ചില മുതിര്‍ന്ന കളിക്കാര്‍ക്ക് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മുഹമ്മദ് ഷമി: വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പുറത്താകാന്‍ സാധ്യതയുള്ളവരില്‍ പ്രധാനി. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥിരതയില്ലാത്തതും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഷമിക്ക് തിരിച്ചടിയാകും. അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്തിരിക്കുമ്പോള്‍ ഷമിയെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.
രവീന്ദ്ര ജഡേജ: മുതിര്‍ന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകാം. പ്രായം അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണ്. 2027-ലെ ലോകകപ്പ് ആകുമ്പോഴേക്കും ജഡേജയ്ക്ക് 38 വയസ്സാകും. അതിനാല്‍ വാഷിങ്ടണ്‍ സുന്ദറിനെ വളര്‍ത്തിയെടുക്കാനാണ് സാധ്യത. അനുഭവസമ്പത്തുള്ള അക്ഷര്‍ പട്ടേലിനും ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും.
റിഷഭ് പന്ത്: വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഈ ലിസ്റ്റിലെ അപ്രതീക്ഷിത താരം. ചാമ്പ്യന്‍സ് ട്രോഫിയില്‍ കെ.എല്‍. രാഹുലിനായിരുന്നു ടീമില്‍ അവസരം. രാഹുല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ റിഷഭിന്റെ ഭാവി പരുങ്ങലിലായി. സഞ്ജു സാംസണെയായിരിക്കും ഗംഭീര്‍ കൂടുതല്‍ പരിഗണിക്കുക. സഞ്ജുവിന് ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ട്. അതിനാല്‍ രാഹുലും സഞ്ജുവും വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്താന്‍ സാധ്യതയുണ്ട്.