അന്ന് മുതലേ അയാളെന്നെ നോട്ടമിട്ടതാ, ഒടുവില്‍ തുറന്നടിച്ച് സഞ്ജു
ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ പ്രശംസ കൊണ്ട് മൂടി മലയാളി താരം സഞ്ജു സാംസണ്‍ രംഗത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ ആദ്യകാലങ്ങളില്‍ ഗൗതം ഗംഭീറില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്റെ കളിയെ എങ്ങനെ സ്വാധീനിച്ചുവെന്നാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്.
14-ാം വയസ്സില്‍ കെകെആര്‍ ബി ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട കാലം മുതല്‍ ഗംഭീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സഞ്ജു പറയുന്നു. യൂട്യൂബില്‍ എബി ഡിവില്ലിയേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗംഭീര്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് സഞ്ജുവിനെ പ്രോത്സാഹിപ്പിച്ചതായും താരം ഓര്‍ത്തെടുത്തു.
'സഞ്ജു, നിങ്ങളുടെ കഴിവ് എനിക്കറിയാം. നിങ്ങള്‍ക്ക് എന്തെക്കെയോ പ്രത്യേകതയുണ്ട്. എന്ത് വന്നാലും തിരിച്ചുവരും. ഓരോ ഇന്നിംഗ്സിലും സ്വയം പ്രകടിപ്പിക്കുക' എന്നാണ് ഗംഭീര്‍ പറഞ്ഞത്. ഈ വാക്കുകള്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും സഞ്ജു പറഞ്ഞു.
ഗംഭീറിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാതെ വരുമ്പോള്‍ താന്‍ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും സഞ്ജു വെളിപ്പെടുത്തി. എന്നാല്‍, ആ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ ഒരു പ്രധാന താരമായി മാറാന്‍ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോഹ്ലിയുടെയും രോഹിത്തിന്റെയും വിരമിക്കലിനെ തുടര്‍ന്ന് ഇന്ത്യയുടെ ടി20 ഓപ്പണറാകാനുള്ള മത്സരത്തില്‍ സഞ്ജു മുന്നിലാണ്. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നാല് ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടിയാണ് അദ്ദേഹം ഈ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.