സൗത്ത്ഗേറ്റ് രാജിവച്ചു; പകരം വരുന്നത് ആക്രമണ ഫുട്ബാളിന്റെ മൂത്താശാൻ? തീരുമോ ഇംഗ്ലണ്ടിന്റെ ട്രോഫി ശാപം?
യൂറോ കപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് സ്ഥാനം രാജിവച്ചു. 2026 ലോകകപ്പ് വരെ തുടരാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സൗത്ത്ഗേറ്റ് രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഒരു ഇംഗ്ലീഷുകാരൻ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും ഇംഗ്ലണ്ടിനായി കളിക്കാനും പരിശീലിപ്പിക്കാനും സാധിച്ചത് അഭിമാനമായി കാണുന്നുവെന്നും സാധ്യമായതെല്ലാം ചെയ്തെന്നും സൗത്ത്ഗേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലിവർപൂൾ വിട്ട താര പരിശീലകൻ ജുർഗൻ ക്ലോപ്പ്, ന്യൂകാസിൽ കോച്ച് എഡ്ഡി ഹോ എന്നിവരുടെ പേരാണ് പകരക്കാരായി പറഞ്ഞുകേൾക്കുന്നത്.
Southgate, you're the one ❤️ pic.twitter.com/NwCo01hojf
— Sky Sports Football (@SkyFootball) July 16, 2024
വിമർശങ്ങൾ ഒരുപാട് ഏൽക്കേണ്ടിവന്നെങ്കിലും ഇംഗ്ലണ്ടിനെ രണ്ട് മേജർ ഫൈനലുകളിലെത്തിച്ച പരിശീലകൻ എന്ന പേര് സൗത്ത്ഗേറ്റിന് മാത്രം സ്വന്തമാണ്. 2016-ൽ റോയ് ഹഡ്‌സണിൽ നിന്ന് ചുമതലയേറ്റെടുത്തതു മുതൽ ഇതുവരെ 102 മത്സരങ്ങളിൽ നിന്ന് 61 ജയവും 24 സമനിലയുമാണ് സൗത്ത്ഗേറ്റിന്റെ നേട്ടം. 2018 ലോകകപ്പിലും 2019 നേഷൻസ് ലീഗിലും ടീമിനെ സെമിയിലെത്തിച്ചു.
2020, 2024 യൂറോ ഫൈനൽ പ്രവേശനമാണ് പ്രധാന നേട്ടം. എന്നാൽ വലിയ പ്രതീക്ഷയോടെയെത്തിയ 2022 ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ മടങ്ങാനായിരുന്നു വിധി. ഇതോടെ സൗത്ത്ഗേറ്റിന്റെ കാലാവധി കഴിഞ്ഞെന്ന് ആരാധകരും ഫുട്ബോൾ വിദഗ്ധരും വിധിയെഴുതി.
Gareth Southgate restored pride in England. For players and supporters. He leaves with his head held high. #ENG pic.twitter.com/1NVJeqiPsu
— Henry Winter (@henrywinter) July 16, 2024
സൗത്ത് ഗേറ്റിനെതിരെ കളി ശൈലി മുതൽ, താരങ്ങളെ തെരഞ്ഞെടുക്കുന്നതിലെ പ്രശ്നങ്ങൾ വരെ വിമർശനങ്ങളുയർന്നിട്ടുണ്ട്. പ്രതിഭാധനരായ ടീമിനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ അറിയില്ലെന്ന പഴി ഈ യൂറോയിലും നിരവധി തവണ കേട്ടു. കോബി മൈനു, കോൾ പാമർ തുടങ്ങിയ പ്രീമിയർ ലീഗ് പ്രതിഭകൾക്ക് ആദ്യ മത്സരങ്ങളിൽ അവസരം നൽകാൻ സൗത്ത്ഗേറ്റ് തയ്യാറായില്ല.
ഗോളടിക്കാതെ ബാക്ക് പാസ് നൽകിയുള്ള കളി ശൈലി മോഡേൺ ഫുട്ബോളിന് യോജിച്ചതല്ലെന്ന് ഫുട്ബോൾ പണ്ഡിറ്റുകളും നിരന്തരം വിമർശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ സൗത്ത് ഗേറ്റിന്റെ തന്ത്രങ്ങളും ടീം പ്രകടനവും ഈ വിമർശനം അടിവരയിടുന്നതായിരുന്നു. സെർബിയയോട് ഒരു ഗോളിന് വിജയിച്ച സൗത്‌ഗേറ്റും സംഘവും ഡെൻമാർക്കിനോടും സ്ലൊവേനിയയോടും സമനില പിടിച്ചാണ് പ്രീക്വാർട്ടറിൽ കടന്നുകൂടിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതായതോടെ ആരാധകരിൽ നിന്ന് നിരന്തരം കൂവലും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.