ഗംഭീറും സീനിയര്‍ താരങ്ങളും തമ്മില്‍ നടക്കുന്നത് മുട്ടനടി, ഇന്ത്യന്‍ ടീമില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെക്കുറിച്ച് ബിസിസിഐ അവലോകനം നടത്തിയതിനു പിന്നാലെ, ടീമിന്റെ ശൈലിയെ ചൊല്ലി ഹെഡ് കോച്ചും ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും തമ്മില്‍ രൂക്ഷമായ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഹോട്ടലുകളും പരിശീലന സമയവും സംബന്ധിച്ച് ചില താരങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ ഉന്നയിച്ചതില്‍ ഗംഭീര്‍ അതൃപ്തനായിരുന്നുവെന്നാണ് വിവരം.
എന്നാല്‍, മറുവശത്ത്, പരിശീലകനില്‍ നിന്ന് ആശയവിനിമയത്തിന്റെ അഭാവം അനുഭവപ്പെട്ടതായി സീനിയര്‍ താരങ്ങളും പരാതിപ്പെടുന്നു.
ഈ സംഘര്‍ഷത്തിനിടെ, സെലക്ഷന്‍ കമ്മിറ്റിയും മുഖ്യ പരിശീലകന് ടീം തിരഞ്ഞെടുപ്പില്‍ അമിത സ്വാധീനം ചെലുത്താന്‍ അനുവദിക്കരുതെന്ന നിലപാടിലാണ്. മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെപ്പോലെയാണ് ഗൗതം ഗംഭീറിന്റെ സമീപനമെന്ന് ഒരു മുന്‍ സെലക്ടര്‍ അഭിപ്രായപ്പെട്ടു. പരിശീലന രീതികളെച്ചൊല്ലി സീനിയര്‍ താരങ്ങളുമായി ഭിന്നത വളര്‍ത്തിയ ചാപ്പല്‍, ഇന്ത്യന്‍ ടീമില്‍ നിന്ന് വിവാദപരമായി പുറത്തുപോയിരുന്നു.
'രവി ശാസ്ത്രിയെപ്പോലെ മാധ്യമ സൗഹൃദവും താരങ്ങളെ പിന്തുണയ്ക്കുന്ന പ്രസ്താവനകളും നടത്തുകയോ രാഹുല്‍ ദ്രാവിഡ്, ഗാരി കിഴ്സ്റ്റണ്‍, ജോണ്‍ റൈറ്റ് എന്നിവരെപ്പോലെ ഒഴിഞ്ഞുമാറി നില്‍ക്കുകയോ ചെയ്യണം. 'ചാപ്പലിന്റെ ശൈലി' ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. ഗംഭീറോ ശാസ്ത്രിയോ ദ്രാവിഡോ പോകും, പക്ഷേ കളിക്കാര്‍ തുടരും' മുന്‍ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയില്‍ ഗംഭീറിന്റെ സ്വകാര്യ സഹായി എല്ലായിടത്തും ടീമിനെ പിന്തുടര്‍ന്നതിലും ബിസിസിഐ അതൃപ്തരാണ്.
'എന്തിനാണ് അദ്ദേഹത്തിന്റെ സ്വകാര്യ സഹായി ദേശീയ സെലക്ടര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന കാറില്‍ ഇരിക്കുന്നത്? കാറില്‍ അപരിചിതനായ മൂന്നാമതൊരാള്‍ ഉള്ളപ്പോള്‍ അവര്‍ക്ക് സ്വകാര്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കഴിയില്ല. അഡ്ലെയ്ഡിലെ ബിസിസിഐയുടെ ഹോസ്പിറ്റാലിറ്റി ബോക്‌സില്‍ അദ്ദേഹത്തിന് എന്തിനാണ് സ്ഥലം അനുവദിച്ചത്?' ബിസിസിഐ ഉദ്യോഗസ്ഥന്‍ ചോദിച്ചു.
'ടീം അംഗങ്ങള്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ പ്രത്യേക സ്ഥലത്ത് അദ്ദേഹം എങ്ങനെ പ്രഭാതഭക്ഷണം കഴിച്ചു?' അദ്ദേഹം ചോദിച്ചു.
ഈ സങ്കര്‍ഷം ദിനംപ്രതി രൂക്ഷമാകുന്നതിനാല്‍, ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് ഇന്ത്യന്‍ ടീം പോകുന്നത് വളരെ അസ്വസ്ഥമായ അന്തരീക്ഷത്തിലായിരിക്കും. ഇത് ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും.