ഗംഭീറിനേയും രോഹിത്തിനേയും പൊരിക്കാന്‍ ബിസിസിഐ, നിര്‍ണ്ണായക നീക്കങ്ങള്‍
ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഭാവി ചോദ്യചിഹ്നത്തിലാണ്. ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടെ രോഹിത്തിന്റെ ബാറ്റിംഗ് ഫോമും മോശമാണ്. ഈ സാഹചര്യത്തില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
രോഹിത്തിന്റെ വിരമിക്കല്‍ ചര്‍ച്ചയാകാന്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ആവശ്യമായ റണ്‍സ് അദ്ദേഹത്തിന് നേടാനായിട്ടില്ല. രണ്ട്, ജസ്പ്രീത് ബുംറ ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ഇത് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയെ പരിവര്‍ത്തന പ്രക്രിയ വേഗത്തിലാക്കാന്‍ പ്രേരിപ്പിക്കുന്നു.
രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നിരവധി വിദഗ്ധര്‍ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ സ്വയം ഓപ്പണര്‍ ആകുന്നതിനായി ശുഭ്മാന്‍ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.
ഇന്ത്യയുടെ പരാജയത്തിനുശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍, ടീമിലെ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് രോഹിത് വ്യക്തമാക്കി. 'ഞാന്‍ ഇന്ന് നില്‍ക്കുന്നിടത്ത് തന്നെയാണ് നില്‍ക്കുന്നത്, കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഒന്നുമില്ല. ചില ഫലങ്ങള്‍ നമ്മുടെ വഴിക്ക് വന്നില്ല എന്നത് സത്യമാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ അത് നിരാശാജനകമാണ്.'
രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍, ടീമിന്റെ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഭാവിയും ചോദ്യചിഹ്നത്തിലാണ്. ഗംഭീര്‍ പരിശീലകനായതിനുശേഷം ഇന്ത്യ നിരവധി മോശം ഫലങ്ങള്‍ നേരിട്ടു. ഏകദിന പരമ്പരയില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടു, ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ തോറ്റു, ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള അവസരവും ഇന്ത്യയ്ക്ക് നഷ്ടമായി.
രോഹിത്തും ഗംഭീറും ബിസിസിഐയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പര അവസാനിച്ചതിന് ശേഷം ബിസിസിഐ ഉന്നത ഉദ്യോഗസ്ഥര്‍ ഇരുവരെയും ചോദ്യ മുനിയില്‍ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.