ഗംഭീര്‍ ആകെ പ്രകോപിതന്‍,കോഹ്ലിയുടേയും രോഹിത്തിന്റേയും സൂപ്പര്‍ താര പദവി എടുത്തുകളഞ്ഞു
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും തോല്‍വി ഏറ്റുവാങ്ങി 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പരമ്പര നഷ്ടമായതോടെ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ ആകെ പ്രകോപിതനായി മാറിയിരിക്കുകയാണ്. മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമിന് രണ്ട് ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും പരിശീലന സെഷനുകളില്‍ പങ്കെടുക്കണമെന്നാണ് ഗംഭീര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ മാസം 30, 31 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ എല്ലാ കളിക്കാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് കോച്ചിന്റെ കര്‍ശന നിര്‍ദ്ദേശം. മുംബൈയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത് എന്നതിനാല്‍, രോഹിത്തും കോഹ്ലിയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് കോച്ച് ഈ നിലപാട് എടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇനി മുതല്‍, ടീമിന്റെ പരിശീലന സെഷനുകളില്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കണമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രോഹിത്തിന്റെയും കോഹ്ലിയുടെയും മോശം പ്രകടനം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കോച്ച് കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിന് ശേഷം കോഹ്ലിയും രോഹിത്തും മുംബൈയിലെ വീടുകളിലേക്ക് മടങ്ങിയിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 46 റണ്‍സിന് പുറത്തായത് ഒരു മോശം ദിവസം മാത്രമായിരുന്നുവെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിശദീകരണം ആരാധകര്‍ ആദ്യം അംഗീകരിച്ചിരുന്നു. എന്നാല്‍, രണ്ടാം ടെസ്റ്റിലും സമാനമായ തകര്‍ച്ച ആവര്‍ത്തിച്ചതോടെ ടീമിനെതിരെയും പ്രത്യേകിച്ച് രോഹിത്തിനും കോഹ്ലിക്കുമെതിരെയും ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇരുവരും ടെസ്റ്റില്‍ നിന്ന് വിരമിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നു.