ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും ഗംഭീര്‍ പുറത്തേയ്ക്ക്, ലക്ഷ്മണ്‍ വരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ശേഷമാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ വൈറ്റ്വാഷും ഗംഭീറിന് തിരിച്ചടിയായിരിക്കുകയാണ്.
ഇന്ത്യയുടെ മോശം പ്രകടനത്തില്‍ ബിസിസിഐ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ പ്രകടനം ഗംഭീറിന്റെ പരിശീലക ജോലി തുടരണമോ എന്ന കാര്യത്തില്‍ നിര്‍ണായകമാകും.
ഓസ്‌ട്രേലിയയില്‍ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചാല്‍ ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് നീക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന, ടി20 ടീമുകളുടെ പരിശീലകനായി ഗംഭീര്‍ തുടരുമെങ്കിലും ടെസ്റ്റ് ടീമിന്റെ ചുമതല വിവിഎസ് ലക്ഷ്മണെ ഏല്‍പ്പിക്കാനാണ് ബിസിസിഐയുടെ നീക്കം.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ബിസിസിഐക്ക് തീരുമാനമെടുക്കാന്‍ പ്രയാസമായേക്കും.
ഗംഭീര്‍ വെള്ളിയാഴ്ച ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും ആറ് മണിക്കൂര്‍ നീണ്ട യോഗം നടത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിയും ടീം സെലക്ഷനുമായി ബന്ധപ്പെട്ടും യോഗത്തില്‍ ചര്‍ച്ച നടന്നു.
ടീം സെലക്ഷനില്‍ ഗംഭീറും ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണ്.