ഇത്തരം ഷോട്ട് കളിക്കാനാണെങ്കില്‍ പന്തിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കരുത്, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം
മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ റിഷഭ് പന്തിന്റെ അപ്രതീക്ഷിത വിക്കറ്റ് നഷ്ടം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 37 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ പന്ത്, അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഈ സമയം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന പ്രതിസന്ധിയിലായിരുന്നു. പന്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു.
പന്തിന്റെ ഷോട്ട് സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.
'പന്തിന്റെ ഷോട്ട് സെലക്ഷന്‍ ഞെട്ടിക്കുന്നതായിരുന്നു. ലോങ് ഓണിലൂടെയോ ലാപ് ഷോട്ടിലൂടെയോ മാത്രമാണ് പന്ത് റണ്‍സ് കണ്ടെത്തുന്നത്. ഇങ്ങനെയാണെങ്കില്‍ അവനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കരുത്. വാലറ്റത്ത് ഇറക്കിയാല്‍ മതി' ഗവാസ്‌കര്‍ പറഞ്ഞു.
'ഇത്തരത്തിലാണ് പന്ത് ഇനിയും കളിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവനെ അഞ്ചാം നമ്പര്‍ ബാറ്ററായി പരിഗണിക്കാനേ പാടില്ല. ഇത്തരം ഷോട്ടുകളാണ് അവന്റെ ലക്ഷ്യമെങ്കില്‍ വാലറ്റ നിരയില്‍ അവനെ ബാറ്റിംഗിന് ഇറക്കിയാല്‍ മതിയാവും. അങ്ങനെയാണെങ്കില്‍ ചില മത്സരങ്ങളില്‍ അവന് ഭാഗ്യത്തിന്റെ പിന്തുണയോടെ കുറച്ച് റണ്‍സ് സ്വന്തമാക്കാന്‍ സാധിക്കും' ഗവാസ്‌ക്കര്‍ പറഞ്ഞു
'മത്സരത്തില്‍ അവന്‍ നേടിയ കുറച്ചു ബൗണ്ടറികള്‍ ശ്രദ്ധിച്ചു നോക്കൂ. പലതും ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് സ്ലിപ്പിന്റെ മുകളിലൂടെ ബൗണ്ടറിയായി മാറുകയായിരുന്നു. പല മത്സരങ്ങളിലും അര്‍ത്ഥസെഞ്ച്വറി സ്വന്തമാക്കുന്നതില്‍ പോലും പന്ത് പരാജയപ്പെടുന്നു. അതുകൊണ്ടുതന്നെ പന്ത് അഞ്ചാം നമ്പറിന് യോജിച്ച ബാറ്ററാണോ എന്ന് ആലോചിക്കണം' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പന്തിന്റെയും ജഡേജയുടെയും (17) വിക്കറ്റ് നഷ്ടത്തോടെ ഇന്ത്യ 221 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലായി. എന്നാല്‍, തുടര്‍ന്ന് നിതീഷ് റെഡ്ഡിയും (68) വാഷിംഗ്ടണ്‍ സുന്ദറും (62) ചേര്‍ന്ന് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചു. നിതീഷ് തന്റെ ആദ്യ ടെസ്റ്റ് അര്‍ധ സെഞ്ച്വറി നേടി.