'അവന് വേണമെങ്കിൽ ഒറ്റക്ക് ജയിപ്പിക്കാം', പിന്നെന്താ ഐപിഎൽ ഉണ്ടല്ലോ? രൂക്ഷവിമർശനവുമായി ഗവാസ്കർ
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചതിന് ശേഷം സ്റ്റാർ സ്പോർട്സിലെ പോസ്റ്റ്-മാച്ച് ഷോയിലാണ് ഗവാസ്കർ പന്തിനെ വിമർശിച്ചത്. ടെസ്റ്റിൽ കളിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ, ഇപ്പോൾ ഐപിഎൽ ഉണ്ടല്ലോ? എന്നായിരുന്നു ഗവാസ്കറുടെ ചോദ്യം.
"പന്തിന് ഈ ടെസ്റ്റ് ഫലം ഒറ്റക്ക് മാറ്റാൻ കഴിയും, പക്ഷേ അവൻ അത് ചെയ്യില്ല," ഗവാസ്കർ പറഞ്ഞു. "പന്തിന്റെ ബാറ്റിംഗ് കണ്ടിരിക്കാനൊക്കെ രസമാണ്. എന്നാൽ ഒന്നോർക്കുക, പഴയ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് പകരമായി ഒന്നുമില്ലായിരുന്നു. നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ, രഞ്ജി ട്രോഫിയിലേക്ക് മടങ്ങണം. അതുമല്ലെങ്കിൽ പ്രാദേശിക ക്ലബ് ക്രിക്കറ്റിലേക്ക് മടങ്ങുക, അത്രമാത്രം. ഐപിഎൽ പോലുള്ള ഒരു കുഷ്യൻ ഉള്ളപ്പോൾ, കരാർ സമ്പ്രദായം പോലെ ഒരു സാമ്പത്തിക സ്രോതസ് നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഏതു രീതിയിൽ വേണമെങ്കിലും കളിക്കാൻ കഴിയും. ഇനി നിങ്ങളെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയാൽ എന്ത്, നിങ്ങൾക്ക് ഐപിഎൽ ഉണ്ടല്ലോ " ഇങ്ങനെയായിരുന്നു ഗവാസ്കറുടെ വിമർശനം.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 128 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന്, ഇന്നിങ്‌സ് പരാജയം മുന്നിൽ നിൽക്കുമ്പോൾ, ഇന്ത്യയുടെ അത്ഭുതകരമായ തിരിച്ചുവരവിന്റെ പ്രതീക്ഷകൾ പന്തിന്റെ ചുമലിലായിരുന്നു.. ഓസ്ട്രേലിയയെ വീണ്ടും ബാറ്റിംഗിന് ഇറക്കാൻ ഇന്ത്യയ്ക്ക് 29 റൺസ് കൂടി വേണമായിരുന്നു. പന്ത് 25 പന്തിൽ നിന്ന് 28 റൺസുമായി ആ സമയത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി 14 പന്തിൽ നിന്ന് 15 റൺസ് നേടി ഒപ്പം ക്രീസിൽ.
പന്തിന്റെ മാന്ത്രിക ഇന്നിംഗ്‌സിലൂടെ ഇന്ത്യയ്ക്ക് തിരിച്ചുവരവ് നടത്താൻ കഴിയുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഗവാസ്കറുടെ മറുപടി. പന്ത് കൂടുതൽ ഉത്തരവാദിത്വത്തോടെ റിസ്കുകൾ കുറഞ്ഞ ദീർഘമായി ഇന്നിംഗ്സ്ക ളിക്കണമെന്നാണ് ഗവാസ്കറുടെ പക്ഷം. നിലവിൽ പന്ത് ടീമിന് വേണ്ടിയല്ല, ഗാലറിക്കയാണ് ബാറ്റ് വീശുന്നത് എന്ന വ്യംഗ്യത്തിലായിരുന്നു ഗവാസ്കറിന്റെ വിമർശനം.
ഗവാസ്കറുടെ പ്രവചനം പോലെ തന്നെ മൂന്നാം ദിവസം കളിതുടങ്ങി രണ്ടാം പന്തിൽ തന്നെ ഋഷഭ് പന്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഢിയുടെ പോരാട്ടവീര്യത്തിൽ ഇന്ത്യ ഇന്നിംഗ്സ് പരാജയം ഒഴിവാക്കിയെങ്കിലും, ഓസീസ് പാത്തുവിക്കറ്റിന് മത്സരം ജയിച്ചു.