'അത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ പിന്നെ..' കോഹ്ലിയും രോഹിത്തും ടെസ്റ്റ് ക്യാപ്പ് വലിച്ചെറിഞ്ഞതിനെ കുറിച്ച് ഗവാസ്‌ക്കര്‍
താരങ്ങള്‍ തങ്ങളുടെ കഴിവിനെക്കുറിച്ചും കളിക്കുന്നതിലെ സംതൃപ്തിയെക്കുറിച്ചും സ്വയം ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ വിരമിക്കാനുള്ള ചിന്തകള്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് വിലയിരുത്തിയപ്പോഴാണ് ഗവാസ്‌ക്കര്‍ ഇക്കാര്യം പറഞ്ഞത്.
ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ടീമിലെ എല്ലാവരും വിമര്‍ശിക്കപ്പെട്ടെന്നും, അത്തരം സാഹചര്യങ്ങളില്‍ കളിക്കാര്‍ക്ക് സ്വയം സംശയങ്ങള്‍ തോന്നാമെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
'ചില സമയങ്ങളില്‍ നിങ്ങള്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും, എനിക്ക് ഇപ്പോഴും ആ കഴിവുണ്ടോ, ഇതില്‍ ഞാന്‍ സംതൃപ്തനാണോ എന്ന്. നിങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ പിന്മാറിയാല്‍ അത് നന്നായിരിക്കുമെന്ന് നിങ്ങള്‍ സ്വയം പറയും. അത്തരം ചിന്തകളെ ഇല്ലാതാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്,' ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിശദീകരിച്ചു.
ഇംഗ്ലണ്ട് പരമ്പര ഒരുപക്ഷേ ഒരു മാറ്റമായേനെ
രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് കരിയറിന് തിരശ്ശീലയിട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഈ രണ്ട് സൂപ്പര്‍ താരങ്ങളുടെയും പിന്മാറ്റം ഒരു യുഗത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം ഒരു മൂന്ന് മത്സരങ്ങളുടെ പരമ്പരയായിരുന്നെങ്കില്‍ ഒരുപക്ഷേ ഇരുവരും കളിക്കുന്നത് തുടര്‍ന്നേനെ എന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. അഞ്ച് ടെസ്റ്റുകള്‍ ആറ് ആഴ്ചകളിലായി നീണ്ടുനില്‍ക്കുന്നതും, ഇടവേളകളില്ലാത്തതുമായതിനാലായിരിക്കാം അവര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.
'ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാവരും അവര്‍ കളിക്കുന്നത് തുടരണമെന്ന് ആഗ്രഹിച്ചു,' ഗാവസ്‌കര്‍ ആവര്‍ത്തിച്ചു. 'ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോള്‍, അത് അവര്‍ക്ക് മാത്രമേ സാധിക്കൂ. ഒരുപക്ഷേ ഇത് മൂന്ന് മത്സരങ്ങളുടെ പരമ്പരയായിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ വ്യത്യസ്തമായി ചിന്തിച്ചേക്കാം. എന്നാല്‍ അഞ്ച് ടെസ്റ്റുകള്‍ ആറ് ആഴ്ചകളിലായി, ഇടവേളകളില്ലാതെ കളിക്കുന്നത് ഒരു കാരണമായിരിക്കാം.'
ജൂണ്‍ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റനെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. കോലിയുടെയും രോഹിത്തിന്റെയും അഭാവത്തില്‍ ടീം എങ്ങനെ മുന്നോട്ട് പോകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.