കോട്‌സി ടീമില്‍, ആറ് സര്‍പ്രൈസ് താരങ്ങള്‍, ത്രിരാഷ്ട്ര പരമ്പരയ്ക്കുളള ഞെട്ടിക്കുന്ന പ്രോട്ടീസ് ടീം
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്സി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി കളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കോട്‌സി പാകിസ്ഥാനില്‍ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേയ്ക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കോട്സിയുടെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കന്‍ ടീമിന് ശക്തി പകരും. 2024 നവംബര്‍ 27-ന് ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കോട്സി അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്.
ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തിനുളള 12 അംഗ ടീമിനെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് പുതുമുഖ കളിക്കാരെ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെംബ ബാവുമ നയിക്കുന്ന ടീമില്‍ മീക്ക-ഈല്‍ പ്രിന്‍സ്, ഗിഡിയന്‍ പീറ്റേഴ്സ്, ഈഥന്‍ ബോഷ്, മിഹാലി എംപോംഗ്വാന എന്നിവരാണ് അരങ്ങേറുന്ന പുതുമുഖ താരങ്ങള്‍. അതെസമയം ടീമിലുളള മറ്റൊരു പുതുമുഖ താരം മാത്യു ബ്രീറ്റ്സ്‌കെ ടെസ്റ്റുകളിലും ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്. മറ്റൊരു താരം സെനുരാന്‍ മുത്തുസാമി നാല് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.
നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലീഗ് കഴിഞ്ഞതിനുശേഷം പരമ്പരയുടെ ബാക്കി ഭാഗത്തേക്കുള്ള ടീമിനെ പുതുക്കും. കേശവ് മഹാരാജ്, ഹെന്റിച്ച് ക്ലാസെന്‍ തുടങ്ങിയ കളിക്കാര്‍ പരമ്പരയുടെ രണ്ടാമത്തെ മത്സരം മുതല്‍ ലഭ്യമാകും.
ഫെബ്രുവരി 8-ന് ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനെ നേരിടുന്നതോടെ ത്രിരാഷ്ട്ര പരമ്പര ആരംഭിക്കും. തുടര്‍ന്ന് ഫെബ്രുവരി 10-ന് കിവീസ് ദക്ഷിണാഫ്രിക്കയെ നേരിടും.
ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞതിനുശേഷം, ഏകദിന മത്സരങ്ങള്‍ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് മാറും. ഫെബ്രുവരി 12-ന് പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ ഡേ/നൈറ്റ് മത്സരത്തില്‍ നേരിടും. ടൂര്‍ണമെന്റ് തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം, ഫെബ്രുവരി 14-ന് അതേ വേദിയില്‍ ഫൈനല്‍ നടക്കും.
ഫെബ്രുവരി 19-ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പാണ് പാകിസ്ഥാനിലെ ത്രിരാഷ്ട്ര പരമ്പര.
ദക്ഷിണാഫ്രിക്കന്‍ ടീം (ആദ്യ ഏകദിനത്തിന്): ടെംബ ബാവുമ (ക്യാപ്റ്റന്‍), ഈഥന്‍ ബോഷ്, മാത്യു ബ്രീറ്റ്സ്‌കെ, ജെറാള്‍ഡ് കോട്സി, ജൂനിയര്‍ ദാല, വിയാന്‍ മുള്‍ഡര്‍, മിഹാലി എംപോംഗ്വാന, സെനുരാന്‍ മുത്തുസാമി, ഗിഡിയന്‍ പീറ്റേഴ്സ്, മീക്ക-ഈല്‍ പ്രിന്‍സ്, ജേസണ്‍ സ്മിത്ത്, കൈല്‍ വെറെയ്ന്‍.