അയാളെ വെള്ളം കൊടുക്കാൻ മാത്രം ഗ്രൗണ്ടിലിറക്കിയാൽ മതി ; ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ ആഞ്ഞടിച്ച് ഗിബ്‌സ്
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഐഡൻ മാർക്രമിനെതിരെ മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹെർഷൽ ഗിബ്‌സ് രംഗത്ത്. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടക്കുന്ന മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഗിബ്‌സ് മാർക്രമിനെ വിമർശിച്ചത്. തുടർച്ചയായി രണ്ട് മത്സരങ്ങളിലും മാർക്രം ഒറ്റയക്ക സ്കോറിൽ പുറത്തായതിനെത്തുടർന്ന് അദ്ദേഹത്തെ ഡ്രിങ്ക്സ് കൊടുക്കാൻ മാത്രം ഗ്രൗണ്ടിലിറക്കിയാൽ മതിയെന്നാണ് ഗിബ്സിന്റെ പരിഹാസം.
ഡർബനിലെ കിംഗ്‌സ്‌മീഡിൽ നടന്ന ആദ്യ ടി20യിൽ ആദ്യ ഓവറിൽ തന്നെ രണ്ട് മികച്ച ബൗണ്ടറികൾ നേടിയാണ് മാർക്രം തുടങ്ങിയത്. എന്നാൽ തൊട്ടുപിന്നാലെ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിന്റെ പന്തിൽ അദ്ദേഹം പുറത്തായി. രണ്ടാം ടി20യിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ മാർക്രം വരുൺ ചക്രവർത്തിയുടെ പന്തിൽ വീണു.
അതേസമയം, സെഞ്ചൂറിയനിലും ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സിലും നടക്കുന്ന മത്സരങ്ങൾ ഉയർന്ന സ്കോറിംഗ് മത്സരങ്ങളായിരിക്കുമെന്ന് ഗിബ്‌സ് സ്‌പോർട്‌സ്‌ബൂമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യക്കാണ് സാഹചര്യങ്ങൾ അനുകൂലമെന്നും, പരമ്പര സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്ക ഏറ്റവും മികച്ച ഗെയിം തന്നെ പുറത്തെടുക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"എന്തും സംഭവിക്കാം. ഇത്തരം വിക്കറ്റുകൾ ഇന്ത്യക്കാർക്ക് കൂടുതൽ അനുയോജ്യമാകുമെന്ന് ഞാൻ കരുതുന്നു. ജോഹന്നാസ്ബർഗിലും സൂപ്പർ സ്‌പോർട്ട് പാർക്കിലും ഉയർന്ന സ്കോറിംഗ് മത്സരങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മത്സരങ്ങളിൽ എന്തും സംഭവിക്കാം. എങ്കിലും, ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം, ദക്ഷിണാഫ്രിക്ക പൂർണ ശക്തിയുള്ള ടീമുമായാണ് കളിക്കുന്നത്. ഇന്ത്യ അത്ര പരിചയസമ്പന്നരല്ലാത്ത ഒരു ടീമിനെയാണ് കളത്തിലിറക്കിയത്. അതിനാൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് 3-1 എന്ന നിലയിൽ പരമ്പര വിജയിക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - ഗിബ്‌സ് കൂട്ടിച്ചേർത്തു.