സെവാഗിനെതിരെ ഗുരുതര ആരോപണവുമായി മാക്‌സ് വെല്‍, വിഗ്രഹം ഉടയുന്നു?
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ മെന്ററായിരുന്ന കാലത്ത് വീരേന്ദര്‍ സെവാഗുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. സെവാഗ് മെന്ററായ സമയത്ത് താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും താന്‍ ആരാധിച്ചിരുന്ന താരം പിന്നീട് തന്റെ ജീവിതത്തിലെ ഒരു മോശം അനുഭവമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും മാക്‌സ്വെല്‍ തുറന്ന് പറയുന്നു. തന്റെ പുസ്തകമായ 'ഷോമാനില്‍' ആണ് മാക്‌സ് വെല്‍ ഇക്കാര്യം കുറിച്ചത്.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സെവാഗ് തന്നോട് ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് പറഞ്ഞതെന്ന് മാക്‌സ്വെല്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. പഞ്ചാബില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളതിനാല്‍ സെവാഗുമായി നല്ലൊരു ധാരണയുണ്ടെന്ന് താന്‍ കരുതിയെങ്കിലും പിന്നീട് അത് തെറ്റാണെന്ന് മനസ്സിലായെന്നും മാക്‌സ്വെല്‍ പറയുന്നു.
സീസണിലെ അവസാന മത്സരത്തില്‍ പഞ്ചാബ് 73 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ സെവാഗ് എല്ലാ കുറ്റവും തന്റെ മേല്‍ ചാരിയെന്നും മാക്‌സ്വെല്‍ ആരോപിക്കുന്നു. പിന്നീട് ടീമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം സെവാഗിനെ അറിയിച്ചപ്പോള്‍ 'ഒരു ആരാധകനെ എനിക്ക് വേണ്ട' എന്നായിരുന്നു മറുപടി എന്നും മാക്‌സ്വെല്‍ വെളിപ്പെടുത്തി. സെവാഗിനെ നിലനിര്‍ത്തിയാല്‍ അത് ടീമിന് തിരിച്ചടിയാകുമെന്ന് താന്‍ പഞ്ചാബ് ഉടമകളെ അറിയിച്ചിരുന്നുവെന്നും മാക്‌സ്വെല്‍ പുസ്തകത്തില്‍ പറയുന്നു.
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച മാക്‌സ്വെല്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സാഹചര്യത്തില്‍ ആര്‍സിബി അദ്ദേഹത്തെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.