മാക്സ്വെല്ലിന് നാണംകെട്ട റെക്കോര്‍ഡ്; പഞ്ചാബിലേക്കുളള മൂന്നാം വരവ് ദുരന്തമായി
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിലേക്കുളള ഗ്ലെന്‍ മാക്സ്വെല്ലിന്റെ മൂന്നാമത്തെ തിരിച്ചുവരവ് ദുരന്തമായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ മാക്സ്വെല്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി.
പഞ്ചാബ് കിംഗ്സിന്റെ മികച്ച തുടക്കത്തിന് ശേഷം 11-ാം ഓവറിലാണ് മാക്സ്വെല്‍ ബാറ്റിംഗിനായി എത്തിയത്. എന്നാല്‍ സായ് കിഷോറിന്റെ ആദ്യ പന്തില്‍ തന്നെ താരം എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ആദ്യ പന്ത് തന്നെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച മാക്സ്വെല്‍ എല്‍.ബി.ഡബ്ല്യു ആയി. അമ്പയര്‍ ഔട്ട് വിളിച്ചതിന് ശേഷം ശ്രേയസ് അയ്യരുമായി മാക്സ്വെല്‍ ദീര്‍ഘനേരം ചര്‍ച്ച ചെയ്തെങ്കിലും റിവ്യൂ എടുക്കാന്‍ തീരുമാനിച്ചില്ല.
ടിവി റീപ്ലേകളില്‍ പന്ത് സ്റ്റമ്പ് മിസ് ചെയ്യുന്നതായി കണ്ടതോടെ പഞ്ചാബും മാക്സ്വെല്ലും ഞെട്ടി. റിവ്യൂ എടുത്തിരുന്നെങ്കില്‍ മാക്സ്വെല്ലിന് ഇന്നിംഗ്സ് തുടരാമായിരുന്നു.
മാക്സ്വെല്ലിന് നാണംകെട്ട റെക്കോര്‍ഡ്
ഐപിഎല്ലില്‍ 19 തവണ ഡക്കിന് പുറത്തായ മാക്സ്വെല്‍ നാണംകെട്ട റെക്കോര്‍ഡ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ താരമെന്ന മോശം റെക്കോര്‍ഡില്‍ ദിനേശ് കാര്‍ത്തിക്കിനും രോഹിത് ശര്‍മ്മയ്ക്കുമൊപ്പമായിരുന്നു ഓസ്ട്രേലിയന്‍ താരം.
ഐപിഎല്‍ ചരിത്രത്തിലെ കൂടുതല്‍ ഡക്കുകള്‍
- ഗ്ലെന്‍ മാക്സ്വെല്‍ - 19 (130 ഇന്നിംഗ്സ്)
- രോഹിത് ശര്‍മ്മ - 18 (253 ഇന്നിംഗ്സ്)
- ദിനേശ് കാര്‍ത്തിക് - 18 (234 ഇന്നിംഗ്സ്)
- പിയൂഷ് ചൗള - 16 (92 ഇന്നിംഗ്സ്)
- സുനില്‍ നരെയ്ന്‍ - 16 (278 ഇന്നിംഗ്സ്)
ടി20 ക്രിക്കറ്റില്‍ മൊത്തത്തില്‍ 35 ഡക്കുകള്‍ നേടിയ മാക്സ്വെല്‍ സുനില്‍ നരെയ്ന്‍, റാഷിദ് ഖാന്‍, അലക്സ് ഹെയ്ല്‍സ് എന്നിവര്‍ക്ക് പിന്നില്‍ നാലാമതാണ്.
2014 മുതല്‍ 2017 വരെയും 2020 ലും പഞ്ചാബിനായി കളിച്ച മാക്സ്വെല്ലിന്റെ മൂന്നാമത്തെ വരവായിരുന്നു ഇത്. 2017 സീസണില്‍ പഞ്ചാബിനെ നയിച്ച മാക്സ്വെല്ലിന് ടീമിനെ അഞ്ചാം സ്ഥാനത്ത് എത്തിക്കാനെ കഴിഞ്ഞുള്ളൂ. 14 മത്സരങ്ങളില്‍ 7 എണ്ണം ജയിച്ചപ്പോള്‍ അത്രയും മത്സരങ്ങള്‍ തോറ്റു.
2014 സീസണില്‍ പഞ്ചാബ് ഫൈനലില്‍ എത്തിയപ്പോള്‍ മാക്സ്വെല്ലിന് മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ (എംവിപി) അവാര്‍ഡ് ലഭിച്ചിരുന്നു. പഞ്ചാബ് പ്ലേഓഫില്‍ എത്തിയ അവസാന സീസണും അതായിരുന്നു.
2013-ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കിരീടം നേടിയ മാക്സ്വെല്‍ 2018 ലും 2019 ലും ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചു. 2020-ല്‍ പഞ്ചാബ് വിട്ട താരം 2021 മുതല്‍ 2024 വരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു.