ലോകത്തെ ഏറ്റവും വലിയ സിക്‌സ് പിറന്നു, മാക്സ്വെല്ലിന്റെ വെടിക്കെട്ടില്‍ കത്തി ബിഗ് ബാഷ്
മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്സിനെതിരെ മെല്‍ബണ്‍ സ്റ്റാര്‍സ് ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്വെല്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയിലെ ഡോക്ക്ലാന്‍ഡ്സ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മാക്സ്വെല്‍ 122 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു സിക്സര്‍ അടിച്ചു പറത്തിയത് ഞെട്ടലായി.
കെയ്ന്‍ റിച്ചാര്‍ഡ്സണിന്റെ പന്തിലായിരുന്നു ഈ റെക്കോര്‍ഡ് പ്രഹരം. ബിബിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സറായി ഇത് കണക്കാക്കപ്പെടുന്നു.
16-ാം ഓവറിലാണ് മാക്സ്വെല്‍ ഈ അവിശ്വസനീയ ഷോട്ട് ഉതിര്‍ത്തത്. റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ ഫുള്‍ ടോസ് ഡീപ് മിഡ്വിക്കറ്റിലൂടെ സ്റ്റേഡിയത്തിന്റെ രണ്ടാം ടയറിലേക്ക് മാക്സ്വെല്‍ അടിച്ചുയര്‍ത്തി.
ഇതോടെ ക്രിസ് ലിന്നിന്റെ പേരിലുണ്ടായിരുന്ന ബിബിഎല്ലിലെ ഏറ്റവും വലിയ സിക്സറിന്റെ റെക്കോര്‍ഡാണ് മാക്സ്വെല്‍ മറികടന്നത്. മാക്സ്വെല്‍ ഇതില്‍ ഒതുങ്ങിയില്ല. വില്‍ സതര്‍ലന്‍ഡിനെതിരെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ സിക്സറുകള്‍ അടിച്ചുകൊണ്ട് അദ്ദേഹം ഒരു ഹാട്രിക് പൂര്‍ത്തിയാക്കി.
എന്നാല്‍, സെഞ്ച്വറിയില്‍ നിന്ന് 10 റണ്‍സ് അകലെ മാക്സ്വെല്‍ പുറത്തായി. 52 പന്തില്‍ നിന്ന് 90 റണ്‍സാണ് അദ്ദേഹം നേടിയത്. 4 ഫോറുകളും 10 സിക്സറുകളും ഈ ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടിരുന്നു.
പതിനൊന്നാം ഓവറില്‍ 75 റണ്‍സിന് 7 വിക്കറ്റ് നഷ്ടമായ സ്റ്റാര്‍സിനെ 165 റണ്‍സിലെത്തിക്കാന്‍ മാക്സ്വെല്ലിന്റെ ഇന്നിംഗ്സ് സഹായിച്ചു. ഡോക്ക്ലാന്‍ഡ്സ് സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ കാണികള്‍ മാക്സ്വെല്ലിന് സ്റ്റാന്‍ഡിംഗ് ഓവേഷന്‍ നല്‍കി.