മാക്‌സ് വെല്‍ മനുഷ്യനല്ല, പറവയാണ്, ഞെട്ടിക്കുന്ന നൂറ്റാണ്ടിന്റെ ക്യാച്ച്
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ അവിശ്വസനീയമായ ഒരു ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പുതുവത്സര ദിനത്തില്‍ ബ്രിസ്ബേന്‍ ഹീറ്റിനെതിരെയായിരുന്നു മാക്‌സ്വെല്‍ ഈ അത്ഭുത ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.
ലോംഗ് ഓണില്‍ നിന്നുകൊണ്ട് വില്‍ പ്രെസ്റ്റ്വിഡ്ജിന്റെ സിക്സെന്ന് ഉറപ്പിച്ച ഷോട്ടിലേക്ക് ഉയര്‍ന്നുചാടിയ മാക്‌സ്വെല്‍ പന്ത് കൈയിലൊതുക്കിയ ശേഷം, വായുവില്‍ നില്‍ക്കുമ്പോള്‍ തന്നെ പന്ത് ബൗണ്ടറിക്ക് അകത്തേക്ക് എറിഞ്ഞു. പിന്നീട് തിരികെ ഓടിയെത്തി ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.
'ഈ വര്‍ഷം നമ്മള്‍ നിരവധി അവിശ്വസനീയ ക്യാച്ചുകള്‍ കാണാന്‍ പോകുന്നുണ്ട്, എന്നാല്‍ എത്ര എണ്ണം വന്നാലും ഇത് തീര്‍ച്ചയായും അതില്‍ മുന്നിലായിരിക്കും,' ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍ മാര്‍ക്ക് ഹോവാര്‍ഡ് മാക്‌സ്വെല്ലിന്റെ ക്യാച്ചിനെ വിശേഷിപ്പിച്ചു. ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസിനെപ്പോലെയാണ് മാക്‌സ്വെല്‍ വായുവില്‍ ഉയര്‍ന്നതെന്നും ഹോവാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബേന്‍ ഹീറ്റ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബണ്‍ സ്റ്റാര്‍സ് തുടക്കത്തില്‍ 14-3 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ഡാനിയേല്‍ ലോറന്‍സ് (38 പന്തില്‍ 64), ക്യാപ്റ്റന്‍ മാര്‍ക്കസ് സ്റ്റോയിനിസ് (48 പന്തില്‍ 62) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവില്‍ 18.1 ഓവറില്‍ വിജയലക്ഷ്യം കണ്ടെത്തി. പറന്നു പിടിച്ച് തിളങ്ങിയ മാക്‌സ്വെല്‍ എന്നാല്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ റിലീസ് ചെയ്ത മാക്‌സ്വെല്‍ ഇത്തവണ പഞ്ചാബ് കിംഗ്‌സിനു വേണ്ടിയാണ് കളിക്കുക.