ഓസീസ് ക്യാമ്പില്‍ ആശങ്കയുടെ തീ, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത
മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റ് തുടങ്ങാന്‍് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ ആശങ്കയുടെ തീ പിടിപ്പിച്ച് സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ പരിക്ക്. ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ തിങ്കളാഴ്ച നടന്ന പരിശീലന സെഷനില്‍ ഹെഡ് പങ്കെടുത്തില്ല. ഗബ്ബ ടെസ്റ്റിനിടെ ഹെഡിനെ അലട്ടിയ തുടയ്ക്കുണ്ടായ പരിക്കാണ് കാരണം.
ചൊവ്വാഴ്ച 20 മിനിറ്റ് നെറ്റ് സെഷനില്‍ പങ്കെടുത്തെങ്കിലും ടീം ഫിസിയോതെറാപ്പിസ്റ്റ് നിക്ക് ജോണ്‍സുമായി നീണ്ട ചര്‍ച്ച നടത്തുന്നത് കാണാമായിരുന്നു. ഫീല്‍ഡിംഗ് ഡ്രില്ലുകളില്‍ ഓട്ടം കഴിയുന്നത്ര ഒഴിവാക്കിയ ഹെഡിന് പൂര്‍ണ ഫിറ്റ്‌നസ് നേടാനായി ഇനിയും ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഫിസിയോ വ്യക്തമാക്കി.
'അദ്ദേഹം തയ്യാറാകാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്, ഇനിയും ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലും, അദ്ദേഹം കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫീല്‍ഡിംഗ് പൊസിഷനെക്കുറിച്ചും അവിടെ എന്തുചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചുമായിരുന്നു ചര്‍ച്ച' ആദ്യ പൂര്‍ണ്ണ പരിശീലന സെഷന് ശേഷം പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് ഹെഡിനെ കുറിച്ച് പറഞ്ഞതിപ്രകാരമാണ്.
ഇതിനുമുമ്പ്, ടീമിലെ പ്രധാന പേസര്‍മാരില്‍ ഒരാളായ ജോഷ് ഹേസല്‍വുഡിനെ പരിക്കുമൂലം ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെഡിനും പരിക്കേറ്റിരിക്കുന്നത്. അഡ്ലെയ്ഡിലും ഗബ്ബയിലും ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് സെഞ്ച്വറികള്‍ അദ്ദേഹം നേടിയിരുന്നു.
നിലവിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 81.80 ശരാശരിയില്‍ 409 റണ്‍സുമായി ഹെഡ് ഇപ്പോഴും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണിപ്പോള്‍ ഹെഡ്.