'പച്ച ഭീകരൻ'- ചതിക്കുഴിയൊരുക്കി ഓസീസ് കാത്തിരിക്കുന്നു; കോഹ്ലിക്കും, ജയ്‌സ്വാളിനും വരെ ചങ്കിടിപ്പ്
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകുന്ന പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ചിന്റെ ആദ്യ കാഴ്ച ഇരുടീമുകളിലെയും ബാറ്റർമാർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. വിവിധ റിപ്പോർട്ടർമാർ പങ്കിട്ട ചിത്രങ്ങളിൽ പിച്ചിൽ പച്ചപുല്ല് നിറഞ്ഞിരിക്കുന്നത് കാണാം. ഇത് മാരകമായ പേസ്, ബൗൺസ്, സീം മൂവ്മെന്റ് എന്നിവയ്ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഏകദേശം 80 വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയൻ ടെസ്റ്റ് പര്യടനത്തിലെ ആദ്യ മത്സരം പെർത്തിൽ ആരംഭിക്കുന്നത്. ചരിത്രപരമായി പേസ് ബൗളിംഗിന് അനുകൂലമായ പിച്ചുകൾക്ക് ഖ്യാതിയുള്ള സ്ഥലമാണ് പെർത്ത്. പഴയ വാക്ക സ്റ്റേഡിയത്തിനാണ് പേസ് ബൗളിങ്ങിൽ ഖ്യാതിയെങ്കിലും, പുതിയ ഒപ്റ്റസ് സ്റ്റേഡിയവും ആ പാരമ്പര്യം തുടരുമെന്നുറപ്പാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാറ്റിംഗിനും ബൗളിങ്ങിനും ഒരേ പോലെ അനുയോജ്യമായ പിച്ചുകളാണ് ഓസ്‌ട്രേലിയ ഒരുക്കിയിരുന്നത്. എന്നാൽ, മൂന്ന് വർഷം മുമ്പ് ഇന്ത്യയോട് സ്വന്തം നാട്ടിൽ തോറ്റതിന് ശേഷം ഓസ്ട്രേലിയ തങ്ങളുടെ നിലപാട് മാറ്റിയിട്ടുണ്ട്. ഇപ്പോൾ അവർ ഡ്രോപ്പ്-ഇൻ പിച്ചുകളിൽ കൂടുതൽ പുല്ല് സൂക്ഷിക്കുന്നുണ്ട്. ഇത് ഫാസ്റ്റ് ബൗളിംഗിന് വളരെയധികം അനുകൂല ഘടകവുമാണ്.
യശസ്വി ജയ്‌സ്വാൾ, ഉസ്മാൻ ഖവാജ, വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് തുടങ്ങിയ ടോപ് ഓർഡർ ബാറ്റർമാർക്ക് ഭയാനകമായി തോന്നാൻ കാരണമുള്ള ചിത്രങ്ങളാണ് പിച്ചിന്റേതായി ഇതുവരെ പുറത്തുവന്നത്. അതേസമയം, പാറ്റ് കമ്മിൻസ്, ജസ്പ്രീത് ബുംറ തുടങ്ങിയ ഇന്ത്യൻ, ഓസ്ട്രേലിയൻ പേസർമാർക്ക് അത്യന്തം സന്തോഷകരമായ കാഴ്ചയുമാണിത്. ടെസ്റ്റ് മത്സരത്തിന് മുമ്പ് കാര്യമായി രീതിയിൽ പുല്ല് മാറ്റിയില്ലെങ്കിൽ, ഇന്ത്യയും ഓസ്ട്രേലിയയും നാല് വീതം പേസ് ബൗളർമാരെ ഉൾപ്പെടുത്തി കളത്തിലിറങ്ങിയാലും അതിശയിക്കേണ്ടതില്ല.
30 വർഷത്തിലേറെയായി ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയുമായി അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം സ്വന്തം നാട്ടിൽ ആദ്യമായി ഒരു റെഡ്-ബോൾ പരമ്പരയിൽ തോറ്റതിന് ശേഷമാണ് ഇന്ത്യ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ പെർത്തിൽ വെള്ളിയാഴ്ച മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് ടെസ്റ്റ് പര്യടനങ്ങളിലും ഇന്ത്യ ഓസ്ട്രേലിയയെ 2-1 ന് തോൽപ്പിച്ചിരുന്നു, എന്നാൽ കഴിഞ്ഞ മാസം ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ 3-0 ന് വൈറ്റ് വാഷ് നേരിട്ടത് ടീമിനെ ഞെട്ടിച്ചിട്ടുണ്ട്.
പരമ്പരയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. പെർത്തിലെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഇന്ത്യയ്ക്ക് നഷ്ടമാകും. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് ഇപ്പോഴും ഇന്ത്യയിലാണ്. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരും. രോഹിതിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും.
ഇന്ത്യൻ ക്യാപ്റ്റന്റെ അഭാവം യശസ്വി ജയ്‌സ്വാളിന് പുതിയ ഓപ്പണിംഗ് പങ്കാളിയെ ലഭിക്കുമെന്നാണ് അർത്ഥമാക്കുന്നത്. അത് കെഎൽ രാഹുൽ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ ടോപ് ഓർഡറിലുള്ള പ്രശ്നങ്ങൾ അവിടെയും അവസാനിക്കുന്നില്ല. ഇടത് തള്ളവിരലിന് പൊട്ടൽ സംഭവിച്ചതിനെ തുടർന്ന് മൂന്നാം നമ്പർ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ ‘എ’യ്‌ക്കെതിരായ ഒരു പരിശീലന മത്സരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇതിനുപുറമെ, സൂപ്പർതാരം വിരാട് കോഹ്‌ലി ദീർഘകാലമായി ഫോമിലല്ലാത്തതും ഇന്ത്യക്ക് തലവേദനയാണ്.