രോഹിത്തിനെ പൊരിച്ച് ബിസിസിഐ, രാജി സന്നദ്ധത അറിയിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍
ബിസിസിഐയുടെ അവലോകന യോഗത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചു.
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ തോല്‍വി, ന്യൂസിലന്‍ഡിനെതിരായ ഹോം ടെസ്റ്റിലെ പരാജയം എന്നിവയുടെ പശ്ചാത്തലത്തില്‍ ആണ് രോഹിത്തിന്റെ രാജി സന്നദ്ധത. പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരണമെന്നും രോഹിത് ബിസിസിഐയോട് ആവശ്യപ്പെട്ടു.
എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫി വരെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ ബിസിസിഐ രോഹിത്തിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം ക്യാപ്റ്റന്‍സി ഒഴിയാന്‍ രോഹിത് തയ്യാറാണെന്ന് രോഹിത്തും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യോഗത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ജസ്പ്രീത് ബുംമ്രയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍, അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരകളില്‍ ബുംമ്രയ്ക്ക് ടീമിനെ നയിക്കാന്‍ കഴിയുമോ എന്ന സംശയം ചിലര്‍ ഉന്നയിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ബുംമ്രയുടെ ഫിറ്റ്‌നസ് ആണ് ആശങ്കയ്ക്ക് കാരണം.
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നടക്കും. ഈ സമയത്ത് ബിസിസിഐ ഇന്ത്യയുടെ ദീര്‍ഘകാല ക്യാപ്റ്റന്‍സി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.