"ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല"- എതിരാളികൾക്ക് മുന്നറിയിപ്പുമായി എർലിങ് ഹാലൻഡ്
ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയം നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി വമ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. റോഡ്രി നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയ അവർ ചാമ്പ്യൻസ് ലീഗ് നേട്ടത്തിനു പുറമെ ട്രെബിൾ കിരീടനേട്ടവും സ്വന്തമാക്കി. ആഴ്‌സനലിന്റെ വെല്ലുവിളി അവസാനിപ്പിച്ച് പ്രീമിയർ ലീഗും മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്എ കപ്പും അവർ നേരത്തെ സ്വന്തമാക്കിയിരുന്നു.
ഈ സീസണിലെ വമ്പൻ നേട്ടങ്ങൾ മാഞ്ചസ്റ്റർ സിറ്റിയുടെ ആഗ്രഹങ്ങളെ ഇല്ലാതാക്കാൻ പോന്നതല്ലെന്നും ഇനിയും കിരീടങ്ങൾക്കായി ടീം പൊരുതുമെന്നുമാണ് പ്രധാന താരമായ ഏർലിങ് ഹാലാൻഡ് പറയുന്നത്. ഈ വിജയത്തിന്റെ ആഘോഷം ഏതാനും മാസങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും അത് നിലനിർത്താൻ തുടർച്ചയായ വിജയങ്ങൾ വേണമെന്നാണ് താരം പറയുന്നത്.
"ഏതാനും ദിവസങ്ങൾക്ക് ശേഷം, ഇതെല്ലാം അവസാനിക്കുമ്പോൾ വീണ്ടും കിരീടങ്ങൾ നേടുന്നതിന്റെ സന്തോഷം എനിക്ക് ലഭിക്കണം. എനിക്ക് വീണ്ടും ഈ അനുഭവം വേണം. അങ്ങിനെയാണ് ഞാൻ ചിന്തിക്കുന്നത്. ഈ സീസണിൽ നേടിയതെല്ലാം അടുത്ത സീസണിലും തുടരണം. ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം എല്ലാം മറന്നു പോകും. അതാണ് ജീവിതം." ഹാലാൻഡ് മത്സരത്തിന് ശേഷം പറഞ്ഞു.
ഇരുപത്തിരണ്ടാം വയസിൽ തന്നെ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് താൻ കരുതിയിട്ടില്ലെന്ന് എർലിങ് ഹാലാൻഡ് പറഞ്ഞു. നോർവേയിൽ ഒരു സാധാരണ ടൗണിൽ നിന്നുള്ള ഒരാൾക്ക് ഇതിനു കഴിയുമെന്ന് തെളിഞ്ഞുവെന്നും അത് കൂടുതൽ പേർക്ക് പ്രചോദനം നൽകുമെന്നും താരം കൂട്ടിച്ചേർത്തു.
സീസണിന്റെ തുടക്കത്തിലാണ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്. വന്ന ആദ്യത്തെ സീസണിൽ തന്നെ ട്രെബിൾ കിരീടങ്ങൾ താരം സ്വന്തമാക്കി. ഇനിയും കിരീടങ്ങൾ വെട്ടിപ്പിടിക്കാൻ കഴിയുമെന്ന് താരം ആദ്യത്തെ സീസണിൽ തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.