സഞ്ജുവിനെതിരെ അന്വേഷം നടത്തണം, എന്നിട്ട് മതി ഇന്ത്യയ്ക്കായി കളിപ്പിക്കല്‍, തുറന്നടിച്ച് ഇന്ത്യന്‍ താരം
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെയാണ് ഹര്‍ഭജന്റെ പ്രസ്താവന.
മികച്ച ഫോമിലാണെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നത് സഞ്ജുവിന് തിരിച്ചടിയാകുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി എന്തോ പ്രശ്‌നമുണ്ടായതായി കേട്ടെങ്കിലും കാരണം വ്യക്തമല്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
വിജയ് ഹസാരെയില്‍ കളിക്കാതിരുന്നതിന്റെ കാരണം അന്വേഷിക്കണമെന്നും സഞ്ജു സ്വയം എടുത്ത തീരുമാനമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയണമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് സഞ്ജു കളത്തിലിറങ്ങിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കണമെന്ന നിയമം സീനിയര്‍ താരങ്ങള്‍ക്ക് വരെ കര്‍ശനമാക്കിയ സാഹചര്യത്തില്‍ വിജയ് ഹസാരെയില്‍ കേരള ടീമില്‍ നിന്ന് വിട്ടുനിന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സഞ്ജുവിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കാതിരുന്നത്. വിജയ് ഹസാരെയില്‍ കളിക്കാത്തതു സംബന്ധിച്ച് സഞ്ജുവിനെതിരെബിസിസിഐ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.