മലയാളി താരത്തോട് ചെയ്യുന്നത് ടീം ഇന്ത്യ കത്തേണ്ട അനീതി, പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍
വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും കരുണ്‍ നായരെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ ടീം സെലക്ഷനിന്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണെന്ന് ഹര്‍ഭജന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
'ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണ്, ചിലര്‍ രണ്ട് കളി കളിച്ചാല്‍ ടീമിലെത്തും. ചിലര്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ടീമിലെത്തും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാലും ചിലരെ ടീമിലെടുക്കില്ല' ഹര്‍ഭജന്‍ പറഞ്ഞു.
'മോശം ഫോമിന്റെ പേരില്‍ വിരാട് കോലിയോടും രോഹിത് ശര്‍മയോടുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് പറയുന്നവര്‍ വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
'ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയശേഷം കരുണ്‍ നായരെ എന്തുകൊണ്ട് ഒഴിവാക്കി എന്നത് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അവനെപ്പോലുള്ള കളിക്കാര്‍ക്കുവേണ്ടി ആരും സംസാരിക്കാത്തത് എന്നെ വേദനിപ്പിക്കുന്നു,' ഹര്‍ഭജന്‍ പറഞ്ഞു.
'റണ്‍സടിച്ച് ഫോമിലുള്ളപ്പോഴാണ് ഒരാളെ ടീമിലെടുക്കേണ്ടത്. അവന്റെ ശരീരത്തില്‍ ടാറ്റൂ ഇല്ലാത്തതിന്റെ പേരിലോ അവന്‍ ഫാന്‍സി ഡ്രസ്സ് ഇടാത്തതിന്റെ പേരിലോ ആണോ ടീമിലെടുക്കാത്തത്?' ഹര്‍ഭജന്‍ ചോദിച്ചു.
'ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ കരുണ്‍ നായര്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് അഞ്ച് സെഞ്ച്വറികള്‍ അടക്കം 664 റണ്‍സ് നേടിയിരുന്നു. ശരാശരി 664 ഉം സ്ട്രൈക്ക് റേറ്റ് 120ന് മുകളിലുമാണ്. എന്നിട്ടും അവനെ ടീമിലെടുക്കുന്നില്ലെങ്കില്‍ അതിലും വലിയ നീതികേടില്ല' ഹര്‍ഭജന്‍ പറഞ്ഞു