അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ ഹാര്‍ദ്ദിക്കും കൂട്ടരും അപ്പുറത്ത് നിന്ന് പൊട്ടിച്ചിരിച്ചതെന്തിന്, വിശദീകരിച്ച് സഞ്ജു
ശനിയാഴ്ച ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശം ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും വിട്ടുപോയിട്ടില്ല. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടി20 ടീം 133 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 3-0ത്തിനാണ് ഇന്ത്യ ജയിച്ചത്.
29-കാരനായ മലയാളി താരം സഞ്ജു സാംസണ്‍ 47 പന്തില്‍ നിന്ന് 111 റണ്‍സ് നേടി അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയതാണ് മത്സരത്ത്ിലെ പ്രധാന സംഭവം. ഇതോടെ ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായും സഞ്ജു മാറി. വെറും 40 പന്തില്‍ സെഞ്ച്വറിയിലെത്തിയ സാംസണ്‍, ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ അടക്കമാണ് ഇത് നേടിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വേഗതയേറിയ ഇന്ത്യക്കാരനുമായി അദ്ദേഹം മാറി.
ക്യാപ്റ്റന്‍ സൂര്യകുമാറുമായുള്ള രണ്ടാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടും സാംസണിന്റെ പ്രകടനവും ഇന്ത്യയെ ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 297/6 എന്ന നിലയിലെത്തിച്ചു. തുടര്‍ന്ന് ബംഗ്ലാദേശിനെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ ഒതുക്കി.
ഒടുവില്‍ തന്റെ കഴിവ് തെളിയിച്ച സാംസണിന് ആരാധകരില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും ഹര്‍ഷാരവങ്ങളാണ് ഏറ്റുവാങ്ങിയത്. മത്സരത്തിന് ശേഷം ഗെയിം-ചേഞ്ചര്‍ അവാര്‍ഡും പ്ലെയര്‍ ഓഫ് ദ മാച്ച് ട്രോഫിയും സാംസണിന് ലഭിച്ചപ്പോള്‍, മിക്ക ഇന്ത്യന്‍ താരങ്ങള്‍ക്കും അത് ആഘോഷിച്ചു. ഈ സമയം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചിരിച്ചുകൊണ്ട് നിലത്ത് വീഴുന്നതും സൂര്യകുമാറും ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിംഗും ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രവി ബിഷ്‌ണോയ്, തിലക് വര്‍മ്മ, അഭിഷേക് ശര്‍മ്മ തുടങ്ങിയ മറ്റ് കളിക്കാരും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഇന്ത്യന്‍ താരങ്ങളുടെ പ്രതികരണം അവതാരകനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മുരളി കാര്‍ത്തികില്‍ കൗതുകമുണ്ടാക്കി. മത്സരശേഷമുള്ള അവതരണ വേളയില്‍ അദ്ദേഹം സഞ്ജു സാംസണിനോട് ഇതിനെക്കുറിച്ച് ചോദിച്ചു. സഞ്ജുവിന്റെ മറുപടി ഇപ്രകാരമായിരുന്നു.
'ഡ്രസ്സിംഗ് റൂമിലെ ഊര്‍ജ്ജവും നമ്മുടെ പിള്ളേരും എനിക്ക് വേണ്ടി ധാരാളം സന്തോഷിക്കുന്നു. ഞാനും വളരെ സന്തുഷ്ടനാണ്. ഞാന്‍ നന്നായി കളിച്ചത അ്‌വരെ ആനന്ദിപ്പിക്കുന്നു' അദ്ദേഹം തന്റെ സഹതാരങ്ങളെ നോക്കി പറഞ്ഞു.
കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ടീം മാനേജുമെന്റ് എങ്ങനെ തന്നെ പിന്തുണച്ചുവെന്ന് സഞജു സാംസണ്‍ വെളിപ്പെടുത്തി.
'ഞങ്ങള്‍ളുടെ നേതൃത്വ ഗ്രൂപ്പ് എപ്പോഴും എന്നോട് പറയാറുണ്ട്, 'നിങ്ങള്‍ക്ക് എത്ര കഴിവാണുള്ളയാണെന്ന് ഞങ്ങള്‍ക്കറിയാം, എന്തുതന്നെയായാലും ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു' വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും അവര്‍ എനിക്ക് അത് കാണിച്ചുതന്നു. കഴിഞ്ഞ പരമ്പരയില്‍ ഞാന്‍ രണ്ട് തവണ പൂജ്യത്തിന് പുറത്താവുകയും, 'ഇനി എന്താകും' എന്ന് ചിന്തിച്ചുകൊണ്ട് കേരളത്തിലേക്ക് പോകുകയും ചെയ്തു. പക്ഷേ ഈ പരമ്പരയിലും അവര്‍ എന്നെ പിന്തുണച്ചു, എന്റെ ക്യാപ്റ്റനും പരിശീലകനും പുഞ്ചിരിക്കാന്‍ എന്തെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്' സഞജു പറഞ്ഞ് നിര്‍ത്തി.