വമ്പന്‍ തരിച്ചുവരവ് പ്രഖ്യാപിച്ച് ഹാര്‍ദ്ദിക്ക്, ക്യാപ്റ്റന്‍സി വീണ്ടും ഒഴിവാക്കി
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ ബറോഡയ്ക്കായി കളിക്കും. മുന്‍ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ നയിക്കുന്ന ടീമില്‍ സഹോദരന്‍ ഹാര്‍ദിക്കും ഇടം നേടിയിരിക്കുന്നത്. നവംബര്‍ 23ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.
2018-19 രഞ്ജി ട്രോഫി സീസണിലാണ് ഹാര്‍ദിക് അവസാനമായി ബറോഡയ്ക്കായി കളിച്ചത്. സയ്യിദ് മുഷ്താഖ് അലിയില്‍ അദ്ദേഹം അവസാനമായി കളിച്ചത് 2016 ജനുവരിയിലാണ്. ഇന്ത്യയ്ക്കായി കളിക്കുന്ന തിരക്കും പരിക്കുകളുമാണ് ഹാര്‍ദിക്കിനെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.
കേന്ദ്ര കരാറുള്ള കളിക്കാര്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണമെന്ന ബിസിസിഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹാര്‍ദിക് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.
ഗ്രൂപ്പ് ബിയിലാണ് ബറോഡ. ഉത്തരാഖണ്ഡ്, സിക്കിം, ത്രിപുര എന്നിവയ്ക്കൊപ്പം തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ ശക്തരായ ടീമുകളും ഗ്രൂപ്പിലുണ്ട്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ പഞ്ചാബിനോട് തോറ്റാണ് ബറോഡ പുറത്തായത്.
ഈ സീസണില്‍ മികച്ച ഫോമിലാണ് ബറോഡ. രഞ്ജി ട്രോഫിയുടെ ആദ്യ ഘട്ടത്തില്‍ 27 പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയ ടീമിന് ഹാര്‍ദിക്കിന്റെ സാന്നിധ്യം കൂടുതല്‍ കരുത്ത് പകരും. ക്രിക്കറ്റ് മൈതാനത്ത് പാണ്ഡ്യ സഹോദരന്മാര്‍ ഒന്നിക്കുന്നത് ആരാധകര്‍ക്ക് വിരുന്നായിരിക്കും.