ലോകത്തിലെ ഏറ്റവും മികച്ചവൻ ഇവിടെയുണ്ട്.. ചെന്നൈ ഉയർത്തിയ ഹിമാലയൻ വിജയലക്ഷ്യം പുഷ്പം പോലെ മറികടന്ന് ഹർദിക് പാണ്ട്യയുടെ ബറോഡ
ഇൻഡോറിൽ ബുധനാഴ്ച നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ബറോഡയും തമിഴ്‌നാടും തമ്മിലുള്ള ത്രില്ലർ പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യ തന്റെ മികവ് വീണ്ടും തെളിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ടി20 ഓൾ റൗണ്ടർ എന്ന പദവിക്ക് താൻ അർഹനായത് വെറുതെയല്ല എന്ന് വീണ്ടും വിളിച്ചോതുന്നതായിരുന്നു പാണ്ട്യയുടെ പ്രകടനം.
20 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ പാണ്ഡ്യ, തമിഴ് നാട് ഉയർത്തിയ 222 റൺസ് എന്ന ഹിമാലയൻ വിജയലക്ഷ്യം പിന്തുടരാൻ ബറോഡയുടെ നട്ടെല്ലായി. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ബറോഡ അജയ്യരായി തുടരുന്നു.
16-ാം ഓവറിൽ ബറോഡ 152/6 എന്ന നിലയിലായിരുന്നപ്പോൾ രാജ് ലിംബാനിക്കൊപ്പം ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. ക്രുണാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബറോഡയ്ക്ക് അവസാന 26 പന്തുകളിൽ നിന്ന് 70 റൺസ് ആവശ്യമായിരുന്നു. 17-ാം ഓവറിൽ ഇടംകൈയ്യൻ പേസർ ഗുർജപ്രീത് സിംഗിനെതിരെ പാണ്ഡ്യ ആക്രമണം അഴിച്ചുവിട്ടു. തുടർച്ചയായി നാല് സിക്സറുകളും ഒരു ബൗണ്ടറിയും പാണ്ഡ്യ നേടി, ഓവറിൽ 29 റൺസ് ആണ് ഐപിഎലിൽ സിഎസ്കെയുടെ പുതിയ കണ്ടെത്തലായ ഗുർജപ്രീത് വഴങ്ങിയത്.
നവംബർ 25-ന് ഐപിഎൽ 2025 മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയ ഗുർജപ്രീതിനെ പാണ്ഡ്യ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. മികച്ച ഫോമിലായിരുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും സിക്സറുകൾ പറത്തി.
പിന്നീട് വിജയ് ശങ്കറിനെതിരെയും പാണ്ഡ്യ രണ്ട് സിക്സറുകൾ നേടി. എന്നാൽ അവസാന ഓവറിൽ വിജയ് ശങ്കറിന്റെ നേരിട്ടുള്ള ത്രോയിൽ പാണ്ഡ്യ റൺ ഔട്ടായി. 30 പന്തിൽ നിന്ന് 69 റൺസ് നേടിയാണ് പാണ്ഡ്യ പുറത്തായത്.
അവസാന ഓവറിൽ റൺ ഔട്ടായതിൽ പാണ്ഡ്യ നിരാശനായിരുന്നു. അവസാന പന്തിൽ ബറോഡയ്ക്ക് നാല് റൺസ് മാത്രം നേടിയാൽ മതിയായിരുന്നു ജയിക്കാൻ. ഹാർദിക് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ആതിത് ഷേത്ത് അവസാന പന്ത് ബൗണ്ടറിക്ക് പറത്തി ബറോഡയ്ക്ക് വിജയം സമ്മാനിച്ചു.
നേരത്തെ, വിജയ് ശങ്കർ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ ഒരു ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ നേടിയിരുന്നു. 22 പന്തിൽ നിന്ന് 42 റൺസാണ് വിജയ് നേടിയത്. ബാബ ഇന്ദ്രജിത്ത് (14 പന്തിൽ 25), എൻ ജഗദീശൻ (32 പന്തിൽ 57), ബൊപ്പതി കുമാർ (16 പന്തിൽ 28), ക്യാപ്റ്റൻ ഷാരൂഖ് ഖാൻ (25 പന്തിൽ 39) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
2024-25 സീസണിൽ വൈറ്റ് ബോൾ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ച ഹാർദിക് മികച്ച ഫോമിലാണ്. ഹൈദരാബാദിനെതിരായ ബറോഡയുടെ വിജയത്തിൽ 35 പന്തിൽ നിന്ന് 74 റൺസ് നേടിയാണ് അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ക്യാമ്പയിൻ ആരംഭിച്ചത്. ഉത്തരാഖണ്ഡിനെതിരെ 21 പന്തിൽ നിന്ന് 41 റൺസും ഹർദിക് നേടി.