ഹാര്‍ദിക്ക് വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റനാകുന്നു, രോഹിത്ത് തെറിയ്ക്കും, തകര്‍പ്പന്‍ നീക്കവുമായി ബിസിസിഐ
സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ രോഹിത്തിന്് പകരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ബിസിസിഐ ഏകദിന നായകനാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമമായ ഡെയ്നിക് ഭാസ്‌കര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ രോഹിത് ശര്‍മ്മയും അജിത് അഗാര്‍ക്കറും ഗില്ലിനെ പിന്തുണച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യകുമാറിന്റെ മോശം ഫോം തുടര്‍ന്നാല്‍ ടി20 നായകസ്ഥാനവും പാണ്ഡ്യക്ക് ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.
രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ പല പരമ്പരകളിലും പാണ്ഡ്യ നേരത്തെ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവിനെ ടി20 നായകനായും, ശുഭ്മാന്‍ ഗില്ലിനെ ഏകദിന വൈസ് ക്യാപ്റ്റനുമായാണ് ബിസിസിഐ നിയമിച്ചത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടിയായിരുന്നു പാണ്ഡ്യ. ഫിറ്റ്നസ് പ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്. എന്നാല്‍ ഇപ്പോള്‍ മികച്ച ഫോമിലാണ് പാണ്ഡ്യ. മറുവശത്ത് സൂര്യകുമാര്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 28 റണ്‍സ് മാത്രമാണ് നേടിയത്. അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനവും ചോദ്യചിഹ്നമായിരിക്കുകയാണ്.
ഫെബ്രുവരി 6 മുതല്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും, ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെ ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരവും ഇന്ത്യ കളിക്കും.
ചാമ്പ്യന്‍സ് ട്രോഫി 2025-നുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (C), ശുഭ്മാന്‍ ഗില്‍ (VC), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (WK), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ