വീഡിയോ: വെടിക്കെട്ട് തുടർന്ന് കുങ്ഫു പാണ്ട്യ; ഇത്തവണ ഒരു ഓവറിൽ 28 റൺസ്!
ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിലും വെടിക്കെട്ട് ബാറ്റിംഗ് തുടർന്ന് ഇന്ത്യയുടെ നമ്പർ വൺ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. 23 പന്തിൽ നിന്ന് 47 റൺസ് നേടിയ പാണ്ഡ്യ, ബറോഡയെ ത്രിപുരയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചു.
പാണ്ഡ്യയുടെ ഇന്നിംഗ്‌സിൽ അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളും ഉൾപ്പെട്ടിരുന്നു. ഇടംകൈയ്യൻ സ്പിന്നർ പി സുൽത്താൻ ബൗളിങ്ങിന് എത്തിയപ്പോൾ പാണ്ട്യ സംഹാരഭാവം പൂണ്ടു. ഒരു ഓവറിൽ 28 റൺസാണ് അദ്ദേഹം അദ്ദേഹം അടിച്ചെടുത്തത്. 6, 0, 6, 6, 4, 6 എന്നിങ്ങനെയായിരുന്നു ആ ഓവറിലെ പന്തുകൾ.
ത്രിപുരയുടെ 110 റൺസ് എന്ന വിജയലക്ഷ്യം പാണ്ഡ്യയുടെ ആക്രമണത്തിന്റെ പിൻബലത്തിൽ ബറോഡ വെറും 11.2 ഓവറിൽ മറികടന്നു.
വീഡിയോ കാണാം
കഴിഞ്ഞ മത്സരത്തിൽ തമിഴ്‌നാടിനെതിരെയും പാണ്ഡ്യ സമാനമായ വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. 30 പന്തിൽ നിന്ന് 69 റൺസ് നേടിയ പാണ്ഡ്യ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പുതിയ കണ്ടെത്തൽ ഗുർജപ്രീത് സിംഗിന്റെ ഒരു ഓവറിൽ 29 റൺസ് അടിച്ചെടുത്തിരുന്നു. ആ ഓവറിൽ തുടർച്ചയായി നാല് കൂറ്റൻ സിക്സറുകൾ പാണ്ട്യയുടെ ബാറ്റിൽ നിന്നും പറന്നു.
ടൂർണമെന്റിന്റെ തുടക്കത്തിലും, പാണ്ഡ്യ രണ്ട് മികച്ച ഇന്നിംഗ്‌സുകൾ കളിച്ചു - ഉത്തരാഖണ്ഡിനെതിരെ 21 പന്തിൽ നിന്ന് 41 റൺസും, ഗുജറാത്തിനെതിരെ 35 പന്തിൽ നിന്ന് 74 റൺസും. ഈ വർഷത്തെ എസ്എംഎടിയിലെ പ്രധാന ഹൈലൈറ്റ് പാണ്ട്യയുടെ സ്ഥിരതയാർന്ന പവർ-ഹിറ്റിംഗ് ആണ്.
വലിയൊരു ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ടി20 ടൂർണമെന്റിൽ കളിക്കുന്ന ഹാർദിക്, മൂത്ത സഹോദരൻ ക്രുണാൽ പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ, താൻ എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ആൾറൗണ്ടറായത് എന്ന് വീണ്ടും, വീണ്ടും തെളിയിക്കുന്ന പ്രകടനമാണ് നടത്തുന്നത്. പാണ്ഡ്യയുടെ മികച്ച ഫോം ബറോഡയുടെ കിരീടമോഹങ്ങൾക്ക് ചിറക് പകരുന്നുണ്ട്.