അവരെ തൊടരുത്, സുരക്ഷ ഉദ്യോഗസ്ഥരെ പായിപ്പിച്ച് ഹാര്‍ദ്ദിക്ക് പാണ്ഡ്യ
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബറോഡ ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണല്ലോ. മുംബൈയോട് സെമിയില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും, ആരാധകരോടുള്ള സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ ബറോഡയ്ക്കായി കളിയ്ക്കുന്ന ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ മൈതാനത്ത് കൈയടി നേടി.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന സെമിയില്‍, മൂന്ന് ആരാധകര്‍ സുരക്ഷാ വലയം ഭേദിച്ച് ഹാര്‍ദിക്കിനെ കാണാന്‍ മൈതാനത്തേക്ക് ഓടിക്കയറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍, ഹാര്‍ദിക് ഇടപെട്ട് ആരാധകരോട് പരുഷമായി പെരുമാറരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഹാര്‍ദിക്കിന്റെ വാക്കുകള്‍ കേട്ട് ഗ്യാലറിയിലെ ആരാധകര്‍ ആവേശത്തോടെ ആര്‍പ്പുവിളിച്ചു. ടീം പരാജയപ്പെട്ടെങ്കിലും ഹാര്‍ദിക്കിന്റെ ഈ നടപടി ആരാധക ഹൃദയങ്ങളില്‍ ഇടം നേടി.