ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കാനൊരുങ്ങി ബിസിസിഐ, കടുത്ത തീരുമാനം വരുന്നു
വനിതാ ടി20 ലോകകപ്പ് 2024 ല്‍ ഇന്ത്യയുടെ പരാജയത്തിനു ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് നേരെ വലിയ വിമര്‍ശനങ്ങളാണല്ലോ ഉയരുന്നത്. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ മത്സരങ്ങള്‍ തോറ്റതോടെയാണ് ഇന്ത്യ പുറത്തായത്. ഈ സാഹചര്യത്തില്‍ ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന്് പുറത്താക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.
ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, കൗറിന് പകരം ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കണമോയെന്ന കാര്യം ബിസിസിഐ തീരുമാനിക്കും. ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുമായി ബിസിസിഐ മുഖ്യ പരിശീലകന്‍ അമോല്‍ മുസുംദാറുമായും സെലക്ഷന്‍ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തും.
''ടീമിന് പുതിയ ക്യാപ്റ്റനെ വേണോ എന്ന് ബിസിസിഐ തീര്‍ച്ചയായും ചര്‍ച്ച ചെയ്യും. ടീമിന് ആവശ്യമായതെല്ലാം ബോര്‍ഡ് നല്‍കിയിട്ടുണ്ട്, ഇനി പുതിയൊരു മുഖം ടീമിനെ നയിക്കേണ്ട സമയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഹര്‍മന്‍പ്രീത് ടീമിലെ ഒരു പ്രധാന അംഗമായി തുടരും, പക്ഷേ മാറ്റത്തിനുള്ള സമയമാണിതെന്ന് ബിസിസിഐക്ക് തോന്നുന്നു' ബിസിസിഐയുടെ പേര് വെളിപ്പെടുത്താത്ത ഒരു സ്രോതസ്സ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറഞ്ഞു.
'തീരുമാനമെടുക്കേണ്ടത് ബിസിസിഐയും സെലക്ടര്‍മാരുമാണ്, പക്ഷേ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് അനുയോജ്യമായ സമയം, കാരണം കൂടുതല്‍ കാലതാമസം വരുത്തിയാല്‍ മറ്റൊരു ലോകകപ്പ് വരാനിരിക്കുകയാണ് (രണ്ട് വര്‍ഷത്തിനുള്ളില്‍). ഇപ്പോള്‍ ചെയ്യുന്നില്ലെങ്കില്‍ പിന്നീട് ചെയ്യരുത്. അപ്പോഴേക്കും ലോകകപ്പിന് വളരെ അടുത്തായിരിക്കും. സ്മൃതി മന്ദാന തീര്‍ച്ചയായും ഒരു ഓപ്ഷനാണ്, പക്ഷേ എന്റെ അഭിപ്രായത്തില്‍ ജെമിമ റോഡ്രിഗസ് പോലൊരാള്‍ ടി20യില്‍ കൂടുതല്‍ കാലം ടീമിനെ സേവിക്കും. കളിക്കളത്തില്‍ ഊര്‍ജ്ജസ്വലത പകരുന്ന ഒരാളാണ് ജെമിമ. എല്ലാവരോടും സംസാരിക്കും. ഈ ടൂര്‍ണമെന്റില്‍ അവള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചു,' മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു