4 പന്തുകളിൽ ജയിക്കാൻ 24 റൺസ് ; സൂപ്പർ ഓവർ, ഒടുവിൽ ത്രില്ലറിൽ ജയിച്ചുകയറി പഞ്ചാബ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബും മിസോറാമും തമ്മിലുള്ള മത്സരത്തിൽ ഹർപ്രീത് ബ്രാർ അസാധ്യമായത് സാധ്യമാക്കി ടീമിനെ വിജയതീരത്തെത്തിച്ചു. അവസാന നാല് പന്തുകളിൽ നിന്ന് 24 റൺസ് വേണമെന്നിരിക്കെ ബ്രാർ മൂന്ന് സിക്സറുകൾ അടക്കം നേടി മത്സരം സമനിലയിലാക്കി. തുടർന്ന് സൂപ്പർ ഓവർ ത്രില്ലറിൽ മത്സരം പഞ്ചാബ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത മണിപ്പൂർ 176 റൺസ് നേടി പഞ്ചാബിന് മികച്ച വിജയലക്ഷ്യമാണ് നൽകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ക്യാപ്റ്റൻ അഭിഷേക് ശർമ്മയുടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. എന്നാൽ ബ്രാർ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. അവസാന 4 പന്തിൽ 24 റൺസ് വേണമെന്നിരിക്കെ തോൽവിയുടെ വക്കിലായ പഞ്ചാബിനായി ഹർപ്രീത് ബ്രാർ 4, 6, വൈഡ്, 6, 6 എന്നിങ്ങനെ മത്സരം സമനിലയിലാക്കി!
അവസാന ഓവറിലെ മൂന്നാം പന്തിൽ ബ്രാർ ഒരു ഫോർ അടിച്ചു. തുടർന്ന് ഒരു സിക്സറും. രണ്ട് പന്തിൽ നിന്ന് 14 റൺസ് വേണമെന്നിരിക്കെ ബൗളർ ഒരു വൈഡ് എറിഞ്ഞു. അവസാന രണ്ട് പന്തുകളിൽ ബ്രാർ രണ്ട് സിക്സറുകൾ അടിച്ച് സ്കോർ സമനിലയിലാക്കി.
ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് സൂപ്പർ ഓവറിൽ 15 റൺസ് നേടി. സൂപ്പർ ഓവറിൽ രമൻദീപിൻറെ തകർപ്പൻ പ്രകടനമാണ് 14*(5) പഞ്ചാബിന് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മിസോറാമിന് 7 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ ത്രില്ലറിൽ പഞ്ചാബ് വിജയിച്ചു കയറി.
ജിദ്ദയിൽ നടന്ന ഐപിഎൽ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് 1.5 കോടി രൂപയ്ക്ക് ബ്രാറിനെ സ്വന്തമാക്കിയിരുന്നു. ഐപിഎൽ 2024 ൽ കിംഗ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ബ്രാർ. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും രണ്ട് തോൽവിയുമായി പഞ്ചാബ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.