ഹര്‍ഷ ഭോഗ്ലെക്കും സൈമണ്‍ ഡൗളിനും കൊല്‍ക്കത്തയില്‍ വിലക്ക്, കമന്ററി പാനിലില്‍ നിന്ന് പുറത്താക്കി
കൊല്‍ക്കത്തയിലെ പിച്ചിനെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെയും സൈമണ്‍ ഡൗളും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി). ഇരു ക്രിക്കറ്റ് വിദഗ്ധരെയും തങ്ങളുടെ ഹോം മത്സരങ്ങളുടെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) ആവശ്യപ്പെട്ട സ്പിന്‍ അനുകൂലമായ പിച്ചുകള്‍ ക്യൂറേറ്റര്‍ ഒരുക്കുന്നില്ലെങ്കില്‍ ടീം തങ്ങളുടെ ഫ്രാഞ്ചൈസി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം എന്ന് ഡൗള്‍ അഭിപ്രായപ്പെട്ടതാണ് വിവാദത്തിന് തുടക്കമിട്ടത്. ഭോഗ്ലെയാകട്ടെ ഹോം ടീമിന് അതിന്റെ ആനുകൂല്യം ലഭിക്കണമെന്നും പറഞ്ഞിരുന്നു.
കെകെആര്‍ അവരുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങളില്‍ രണ്ടെണ്ണം തോറ്റതിന് പിന്നാലെ ഒരു പ്രമുഖ വെബ്‌സൈറ്റിലെ ചര്‍ച്ചയിലായിരുന്നു ഇരുവരും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.
ഇവരുടെ ഈ പരാമര്‍ശങ്ങളില്‍ രോഷാകുലരായ സിഎബി സെക്രട്ടറി നരേഷ് ഓജ, ഏകദേശം 10 ദിവസം മുമ്പ് ബിസിസിഐക്ക് കത്തെഴുതുകയും കെകെആറിന്റെ ഹോം മത്സരങ്ങളുടെ കമന്ററി പാനലില്‍ നിന്ന് ഭോഗ്ലെയെയും ഡൗളിനെയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കൗതുകകരമെന്നു പറയട്ടെ, തിങ്കളാഴ്ച നടന്ന കെകെആര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ഭോഗ്ലെയോ ഡൗളോ കമന്ററി പാനലില്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, പ്രമുഖ കമന്റേറ്ററായ ഭോഗ്ലെയെ കെകെആറിന്റെ മത്സരത്തിന് ഷെഡ്യൂള്‍ ചെയ്തിരുന്നില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിഎബിയുടെ ഔദ്യോഗിക പരാതിക്ക് മുമ്പാണോ ശേഷമാണോ കമന്ററി റൊട്ടേഷന്‍ നിശ്ചയിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
'ഭോഗ്ലെയും ഡൗളും ഇനി കെകെആറിന്റെ ഹോം മത്സരങ്ങളുടെ ഐപിഎല്‍ കമന്ററി ടീമിന്റെ ഭാഗമല്ല. എന്നിരുന്നാലും, മെയ് 23, 25 തീയതികളില്‍ ഈഡന്‍ ഗാര്‍ഡന്‍സ് ക്വാളിഫയര്‍ 2 നും ഫൈനലിനും ആതിഥേയത്വം വഹിക്കുമ്പോള്‍ സാഹചര്യം മാറിയേക്കാം,' ഒരു സിഎബി ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
ഓജയെയും സിഎബി പ്രസിഡന്റ് സ്‌നേഹശിഷ് ഗാംഗുലിയെയും പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും മുഖ്യ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും പ്രതീക്ഷിച്ച സ്പിന്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഉയര്‍ന്ന സ്‌കോറിംഗ് മത്സരത്തില്‍ കെകെആര്‍ 234/7 എന്ന സ്‌കോറിന് ഒതുങ്ങിയപ്പോള്‍, എല്‍എസ്ജി 238/3 എന്ന സ്‌കോര്‍ നേടിയിരുന്നു. മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ പിച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന് രഹാനെ അതൃപ്തി പ്രകടിപ്പിച്ചു. 'സ്പിന്നര്‍മാര്‍ക്ക് യാതൊരു സഹായവും ഉണ്ടായിരുന്നില്ല, അത് ഞാന്‍ വ്യക്തമാക്കാം,' എന്ന് പറഞ്ഞ അദ്ദേഹം കൂടുതല്‍ അഭിപ്രായങ്ങള്‍ പറയുന്നത് ഒരു 'ബവാല്‍' (വിവാദം) സൃഷ്ടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഒരു വിദഗ്ധ പാനല്‍ ചര്‍ച്ചയില്‍, പിച്ച് സംബന്ധിച്ച അവരുടെ അഭ്യര്‍ത്ഥനകള്‍ പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ ഫ്രാഞ്ചൈസി മാറ്റുന്നത് പരിഗണിക്കണമെന്ന് ഡൗള്‍ നിര്‍ദ്ദേശിച്ചു. 'ക്യൂറേറ്റര്‍ ഹോം ടീമിന്റെ ആവശ്യം ശ്രദ്ധിക്കുന്നില്ലെങ്കില്‍… അവര്‍ സ്റ്റേഡിയം ഫീസ് നല്‍കുന്നു, ഐപിഎല്ലില്‍ നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം പണം നല്‍കുന്നത് അവരാണ്. എന്നിട്ടും അദ്ദേഹം ശ്രദ്ധിക്കുന്നില്ലെങ്കില്‍, ഫ്രാഞ്ചൈസിയെ അവിടുന്ന് മാറ്റുക. കളിയെക്കുറിച്ച് അഭിപ്രായം പറയുക എന്നതല്ല അദ്ദേഹത്തിന്റെ ജോലി. അതിനല്ല അദ്ദേഹം പണം വാങ്ങുന്നത്,' ഡൗള്‍ പറഞ്ഞു.
ഭോഗ്ലെയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്: ''അവര്‍ ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നതെങ്കില്‍, അവരുടെ ബൗളര്‍മാര്‍ക്ക് അനുയോജ്യമായ പിച്ചുകള്‍ അവര്‍ക്ക് ലഭിക്കണം. കെകെആര്‍ ക്യൂറേറ്റര്‍ പറഞ്ഞതിനെക്കുറിച്ച് ഞാന്‍ എന്തോ കേട്ടു.' എന്നിരുന്നാലും, ഒരു ഫ്രാഞ്ചൈസിക്കും ഒരു വേദിയിലെ പിച്ചിന്റെ സ്വഭാവം സ്വാധീനിക്കാനോ നിര്‍ദ്ദേശിക്കാനോ കഴിയില്ലെന്ന് ബിസിസിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ക്യൂറേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും സിഎബി തങ്ങളുടെ ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിക്കൊപ്പം ഉറച്ചുനിന്നു. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, മൊയീന്‍ അലി തുടങ്ങിയ സ്പിന്നര്‍മാര്‍ക്ക് സഹായകമായ ഒരു പിച്ചാണ് കെകെആര്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നത്.