മൂന്നാം ടെസ്റ്റ്, ഇന്ത്യന്‍ ടീമില്‍ ഞെട്ടിക്കുന്ന മാറ്റം, ഗംഭീര്‍ ഇതെന്ത് ഭാവിച്ച്
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഡല്‍ഹി പേസര്‍ ഹര്‍ഷിത് റാണയെ കൂടി ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമിലാണ് റാണയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടുകയും എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത് അര്‍ദ്ധസെഞ്ച്വറി നേടുകയും ചെയ്തതിന് പിന്നാലെയാണ് റാണയ്ക്ക് അപ്രതീക്ഷിതമായി ദേശീയ ടീമിലേക്ക് വിളിയെത്തിയത്.
ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായി റാണയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡല്‍ഹിയ്ക്കായി രഞ്ജി മത്സരത്തിനായി അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം വാങ്കഡെയില്‍ റാണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.
ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവച്ച റാണ 13 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട്, ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശപ്രകാരം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും റാണയെ ഉള്‍പ്പെടുത്തി. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള റാണയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി റാണയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കണമെന്നാണ് ഗംഭീര്‍ ആഗ്രഹിക്കുന്നത്.
ബംഗളൂരുവിലും പൂനെയിലും നടന്ന മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ ഇതിനകം പരമ്പര നഷ്ടപ്പെടുത്തിയിട്ടുണ്ട്. 12 വര്‍ഷത്തിനിടെ ഇന്ത്യ ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പര സ്വന്തം നാട്ടില്‍ നഷ്ടപ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍ മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ജയിക്കേണ്ടതുണ്ട്.