അവന്‍ ടീമിലുണ്ടാകില്ല, മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ സ്ഥിരീകരിച്ചു. നവംബര്‍ 1 ന് ആരംഭിക്കുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഡല്‍ഹി പേസ് ബൗളര്‍ അപ്രതീക്ഷിതമായി അരങ്ങേറ്റം കുറിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
പൂനെയില്‍ 113 റണ്‍സിന് രണ്ടാം ടെസ്റ്റ് തോറ്റ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയതായി നായര്‍ വ്യക്തമാക്കി. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര വഴങ്ങിയ പശ്ചാത്തലത്തിലാണ് അഭിഷേക് ടീമിനെ പ്രഖ്യാപിച്ചത്.
'ടീമില്‍ പുതിയ കളിക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാ ആഴ്ചയും എല്ലാ ദിവസവും നിര്‍ണായകമാണ്. ഡബ്ല്യുടിസി ഫൈനലിനെക്കുറിച്ച് ചിന്തിക്കുന്നതില്‍ ഞങ്ങള്‍ ഇടുങ്ങിയ മനസ്സുള്ളവരല്ല. ഈ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' മുംബൈയില്‍ ബുധനാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ നായര്‍ പറഞ്ഞു.
റിസര്‍വ് കളിക്കാരില്‍ ഒരാളായിരുന്ന റാണയെ രണ്ടാം ടെസ്റ്റിന് മുമ്പ് അസമിനെതിരായ ഡല്‍ഹിയുടെ മത്സരത്തിനായി റിലീസ് ചെയ്തിരുന്നു. അസമിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 19.3 ഓവറുകള്‍ എറിഞ്ഞ റാണ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 11 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹം നേടിയ 59 റണ്‍സ് ഡല്‍ഹിയെ ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടാന്‍ സഹായിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാണ ഇന്ത്യയ്ക്കായി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
വാങ്കഡെ സ്റ്റേഡിയത്തില്‍ മത്സരത്തിന് രണ്ട് ദിവസം മുമ്പ് ബുധനാഴ്ച റാണ മുംബൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഡ്രസ്സിംഗ് റൂമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു റിസര്‍വ് കളിക്കാരനായോ അതോ ഒരു അംഗമെന്ന നിലയിലോ ആയിരിക്കുമെന്ന് വ്യക്തമായിരുന്നില്ല.
ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി പേസര്‍മാരുടെ വര്‍ക്ക്ലോഡ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നതിനാല്‍, മൂന്നാം ടെസ്റ്റില്‍ നിന്ന് സ്പിയര്‍ഹെഡ് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കാനുള്ള സാധ്യതയുണ്ടായിരുന്നു, ഇത് റാണയുടെ അരങ്ങേറ്റത്തിനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്തു.
'അദ്ദേഹം (ബുംറ) അധികം ബൗളിംഗ് നടത്തിയിട്ടില്ല. അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്, വര്‍ക്ക്ലോഡ് എല്ലായ്‌പ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്,' പരമ്പരയിലെ അവസാന മത്സരത്തിനുള്ള ബുംറയുടെ ലഭ്യതയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താതെ നായര്‍ പറഞ്ഞു.
അതെസമയം, വാങ്കഡെ പിച്ചില്‍ രാവിലെ സെഷനില്‍ സീമര്‍മാരെ സഹായിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സൂചിപ്പിച്ചു.