ആ താരം ഇന്ത്യയ്ക്കാരനാണോ, പിസിബിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പാക് സൂപ്പര്‍ താരം
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ (പിസിബി) ഗുരുതര ആരോപണവുമായി പേസ് ബൗളര്‍ ഹസന്‍ അലി രംഗത്തെത്തിയിരിക്കുകയാണ്. യുവ ഓപ്പണര്‍ സയ്യിം അയ്യൂബിന് പരിക്കേറ്റപ്പോള്‍ ലണ്ടനിലേക്ക് ചികിത്സയ്ക്ക് അയച്ച പിസിബിയുടെ നടപടിയില്‍ ഹസന്‍ അലി പക്ഷപാതം ആരോപിച്ചു. മറ്റ് കളിക്കാര്‍ക്ക് ഇതേ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യം ചെയ്തു.
'നിങ്ങള്‍ സയ്യിം അയ്യൂബിന് വിഐപി പരിഗണന നല്‍കുകയാണ്. ഭാവിയില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റാല്‍, നിങ്ങള്‍ അദ്ദേഹത്തിന് ഇതേ ചികിത്സ നല്‍കുമോ? ഇല്ല, നിങ്ങള്‍ നല്‍കില്ല. അപ്പോള്‍, നിങ്ങള്‍ ഇവിടെ എന്താണ് ചെയ്തത്? ദൈവം അദ്ദേഹത്തിന് ആരോഗ്യവും ഫിറ്റ്‌നസും നല്‍കട്ടെ, അദ്ദേഹം പാകിസ്ഥാനുവേണ്ടി ധാരാളം മത്സരങ്ങള്‍ വിജയിക്കട്ടെ. എന്നാല്‍ ഓരോ ഉയര്‍ച്ചയ്ക്കും ഒരു താഴ്ചയുണ്ട്. സയ്യിം അയ്യൂബിന് വീണ്ടും പരിക്കേറ്റാല്‍, അവര്‍ അദ്ദേഹത്തെ അതേപടി പരിഗണിക്കുമോ? ഇല്ല, അവര്‍ ചെയ്യില്ല.' - ഹസന്‍ അലി പറഞ്ഞു.
ULTRA EDGE പോഡ്കാസ്റ്റിലാണ് ഹസന്‍ അലി പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രംഗത്തെത്തിയത്. തനിക്ക് നിരവധി പരിക്കുകള്‍ സംഭവിച്ചപ്പോള്‍ പിസിബി സഹായിക്കാന്‍ വന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
'സയ്യിം അയ്യൂബിന് പരിക്കേറ്റു. അവന്‍ നിങ്ങളുടെ ടീമിലെ കളിക്കാരനാണ്. 2020-ല്‍ ഞാന്‍ ടീമിലെ അംഗമായിരുന്നില്ലേ? മറ്റൊരു കളിക്കാരന് പരിക്കേറ്റാല്‍ അവന്‍ ടീമിലെ അംഗമാകില്ലേ? അവന്‍ ഇന്ത്യയ്ക്ക് വേണ്ടിയാണോ കളിക്കുന്നത്?' - ഹസന്‍ അലി ചോദിച്ചു.
ഹസന്‍ അലിയുടെ ഈ ആരോപണം പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പിസിബിയുടെ പക്ഷപാത നിലപാടിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.