ആ തിരിച്ചടി ഇന്ത്യക്ക് അനിവാര്യം, മുറിവേറ്റ സിംഹത്തെ പേടിക്കേണ്ടത് ഓസീസ്; മുന്നറിയിപ്പുമായി ഇതിഹാസം
ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായക പര്യടനത്തിന് മുന്നോടിയായി ന്യൂസിലൻഡിനോട് 0-3ന് തോറ്റത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ബലഹീനതകൾ വിളിച്ചോതുന്നതായിരുന്നു. എന്നാൽ നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ പരമ്പരയുടെ പശ്ചാത്തലത്തിൽ പരമ്പര വൈറ്റ്‌വാഷ് "അപ്രസക്തമാണ്" എന്ന് മുൻ ഓസീസ് ഇതിഹാസ ഓപ്പണർ മാത്യു ഹെയ്ഡൻ.
2012 മുതൽ, 2024 വരെ നീണ്ട കാലയളവിൽ തുടർച്ചയായി 18 ടെസ്റ്റ് പരമ്പരകൾ ഇന്ത്യ സ്വന്തം മണ്ണിൽ തോറ്റിരുന്നില്ല. ഈ നീണ്ട റെക്കോർഡാണ് കഴിഞ്ഞ മാസം ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ അടിയറവ് വച്ചത്. സ്പിന്നിനെതിരെ പേരുകേട്ട ഇന്ത്യൻ നിര തുടർച്ചയായി പരാജയപ്പെടുന്നതും, ദീർഘമായി ക്രീസിൽ നിൽക്കാൻ ഇന്ത്യൻ ബാറ്റർമാർക്കാർക്ക് സാധിക്കാത്തതും ടീം മാനേജ്മെന്റിന് വലിയ തലവേദനയാണ്. ഇന്ത്യൻ ബാറ്റിംഗിന്റെ ബലഹീനത കിവീസിന്റെ നിഷ്കരുണം പുറത്തുകാണിക്കുകയും ചെയ്തു. എന്നാൽ ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും ഒരു മാസം മുൻപ് കണ്ട ഇന്ത്യയായിരിക്കില്ല അടുത്താഴ്ച ഓസീസിനെ വെല്ലുവിളിക്കുകയെന്നും ഹെയ്ഡൻ പറയുന്നു.
"ഇത് (ന്യൂസിലൻഡിനെതിരായ പരമ്പര വൈറ്റ്‌വാഷ്) ഒരുപക്ഷേ ഇന്ത്യയ്ക്ക് ആവശ്യമായ ഉണർവാണ്," ഹെയ്ഡൻ സിഡ്‌നി മോർണിംഗ് ഹെറാൾഡിനോട് പറഞ്ഞു. "ആ പരമ്പരയിൽ ഇന്ത്യ തോറ്റു , ദയനീയമായ പ്രകടനം നടത്തിത്തന്നെ തോറ്റു എന്നത് സത്യമാണ്. എന്നാൽ, ടെസ്റ്റ് ഫോർമാറ്റിൽ എല്ലാ ബലഹീനതകളും വെളിവാക്കുന്ന വിധം മികച്ച തയ്യാറെടുപ്പ് നടത്താൻ ടീം ഇന്ത്യക്കായി, അതാണ് പ്രധാനം. ഈ തിരിച്ചടി ഊർജ്ജമാക്കിയാവും ഇന്ത്യ പെർത്തിൽ ഇറങ്ങുക."
Advertisement
ഹെയ്ഡൻ പറയുന്നു
സ്വന്തം നാട്ടിലെ പരമ്പര തോൽവി മാത്രമല്ല, ബിജിടി പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളിൽ ഇന്ത്യയെ അലട്ടുന്ന ഒട്ടനവധി പ്രശ്നങ്ങൾ വേറെയുമുണ്ട് എന്നതാണ് സത്യം. തള്ളവിരലിന് പൊട്ടലേറ്റതിനെ തുടർന്ന് ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ പെർത്തിലെ ആദ്യ ടെസ്റ്റ് കളിക്കില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പരമ്പരയുടെ ആദ്യ മത്സരത്തിൽ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശർമ്മയും ഓസ്‌ട്രേലിയയിൽ എത്തില്ല. ഇത് ഇപ്പോൾ തന്നെ ദുർബലം എന്ന് വിധിയെഴുതപ്പെട്ട ബാറ്റിങ് ഓർഡറിനെ കൂടുതൽ ആശങ്കാജനകമാക്കുന്നു.
നിലവിലുള്ള ബാറ്റിംഗ് നിരയ്ക്ക് പരിചയക്കുറവുള്ളതിനാൽ, രോഹിതിന് പകരം ഓപ്പൺ ചെയ്യാൻ സാധ്യതയുള്ള കെ എൽ രാഹുലിനും, ഫോമിലല്ലാത്ത വിരാട് കോഹ്‌ലിക്കും ആദ്യ ടെസ്റ്റിൽ ടോപ് ഓർഡറിന്റെ ഉത്തരവാദിത്തം വഹിക്കാനുള്ള സമ്മർദ്ദമുണ്ടാവും. അടുത്ത കാലത്തെ ഫോമില്ലായ്മ പ്രകടമാണെങ്കിലും, ഇരുവരും അവസരത്തിനൊത്ത് ഉയരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.