നഗരം കത്തേണ്ട അനീതിയാണ് നടക്കുന്നത്, എനിക്ക് സഞ്ജുവിനോട് സഹതാപം തോന്നുന്നു, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നല്ലോ. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ഈ തീരുമാനത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
ഏകദിനത്തില്‍ 56 ല്‍ അധികം ശരാശരിയുള്ള സഞ്ജു സാംസണ്‍ അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത് 2023 ഡിസംബറിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ക്കിടയിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
'എനിക്ക് അവനോട് സഹതാപം തോന്നുന്നു,' സ്വിച്ചിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു. 'എപ്പോഴെല്ലാം റണ്‍സ് നേടിയോ അപ്പോഴെല്ലാം അവന്‍ ആദ്യം ടീമിന് പുറത്തായി. 15 പേരെ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ എന്ന് എനിക്ക് മനസ്സിലാകും, പക്ഷേ ഏകദിന ഫോര്‍മാറ്റ് അവന്റെ ബാറ്റിംഗിന് അനുയോജ്യമാണ്. അദ്ദേഹത്തിന് 55-56 ശരാശരിയുണ്ട്, രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പോലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍, ടീമില്‍ ഒരു സ്ഥാനം സൃഷ്ടിക്കാന്‍ കഴിയും' ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിലെ വൈവിധ്യമില്ലായ്മ ചൂണ്ടിക്കാട്ടി ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹാലിനെ ഒഴിവാക്കിയതിനെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു.
'നിങ്ങള്‍ നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തു, അതില്‍ രണ്ടുപേര്‍ ഇടംകൈയ്യന്‍മാരാണ്. വൈവിധ്യത്തിനായി നിങ്ങള്‍ക്ക് ഒരു ലെഗ് സ്പിന്നറെ ഉള്‍പ്പെടുത്താമായിരുന്നു. ചഹാല്‍ ഒരു മികച്ച ബൗളറാണ്. ഈ ടീമില്‍ യോജിക്കാത്ത വിധത്തില്‍ അദ്ദേഹം എന്ത് തെറ്റ് ചെയ്തുവെന്ന് എനിക്കറിയില്ല' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഉയര്‍ത്തിയതിനാല്‍ യശസ്വി ജയ്സ്വാളിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനവും ഹര്‍ഭജന്‍ ആശങ്ക അറിയിച്ചു.
'യശസ്വി ഓപ്പണ്‍ ചെയ്യുമെന്ന് ഞാന്‍ കരുതി, പക്ഷേ ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നില്ല. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനാണ്, അതിനാല്‍ അദ്ദേഹം കളിക്കും. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ആ സ്ഥാനങ്ങള്‍ കൈവശപ്പെടുത്തുന്നതിനാല്‍ യശസ്വി മൂന്നോ നാലോ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യില്ല. പിന്നെ യശസ്വി എങ്ങനെ കളിക്കും?' ഹര്‍ഭജന്‍ ചോദിക്കുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.