ഷമിയെ ഇപ്പോള്‍ ആവശ്യമില്ല, ടീമിലെടുത്തിട്ടും കളിപ്പിക്കാതിരിക്കുന്നതിന്റെ കാരണം പുറത്ത്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും വലിയ നിഗൂഢത മുഹമ്മദ് ഷമിയുടെ അഭാവമാണ്. രോഹിത് ശര്‍മ്മയുടെ ഭാവി, വിരാട് കോഹ്ലിയുടെ ഫോം, ജസ്പ്രീത് ബുംറയുടെ പരിക്ക് എന്നിവയെക്കാള്‍ ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ ഷമിയുടെ പ്ലെയിംഗ് ഇലവനില്‍ നിന്നുള്ള അഭാവം.
കൊല്‍ക്കത്തയിലും ചെന്നൈയിലും നടന്ന ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ഷമി കളിച്ചില്ല. ഇത് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഷമി പൂര്‍ണ്ണമായും ഫിറ്റ് അല്ലേ? അദ്ദേഹം ഇന്ത്യയുടെ പദ്ധതികളില്‍ ഇടം നേടിയിട്ടില്ലേ? എന്നതാണ് എല്ലായിടത്തും നിന്നുയരുന്ന ചോദ്യം. പക്ഷെ ഇതൊന്നുമല്ല സത്യം. ഷമി നൂറ് ശതമാനം ഫിറ്റാണ്, കളിക്കാന്‍ തയ്യാറുമാണ്. എന്നാല്‍ എന്തുകൊണ്ട് ഷമി കളിക്കുന്നില്ല എന്ന കാര്യത്തില്‍ ചില സൂചനകള്‍ പുറത്ത് വരുന്നുണ്ട്.
ഏകദിനത്തിനായി സംരക്ഷിക്കുന്നു
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറയുടെ ലഭ്യതയെക്കുറിച്ചുള്ള ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ ഷമിയെ ഏകദിന ഫോര്‍മാറ്റിനായി സംരക്ഷിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ഷമിയുടെ ഫിറ്റ്നസ്സില്‍ ടീം മാനേജ്മെന്റിന് പൂര്‍ണ്ണ സംതൃപ്തിയുണ്ട്. എന്നാല്‍, ഇപ്പോള്‍ ഷമിയെ കളിപ്പിക്കേണ്ടെന്ന നിലപാടിലാണ് ടീം മാനേജുമെന്റ്.
ഷമിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍, അദ്ദേഹത്തെ ടി20യില്‍ പരിമിതമായി മാത്രമേ ഉപയോഗിക്കൂ. ഏകദിനത്തില്‍ ഷമി നിറഞ്ഞാടും എന്നാണ് പ്രതീക്ഷ.
'ഷമി തന്റെ പരിക്ക് മൂലം വര്‍ദ്ധിച്ച ഭാരം രണ്ട് കിലോ കുറച്ചിട്ടുണ്ട്. അദ്ദേഹം പൂര്‍ണ്ണ ഫിറ്റ്നസ്സിലാണ്. ടി20 മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ആവശ്യമില്ല. എന്നാല്‍ ഏകദിനം വരുമ്പോള്‍ അദ്ദേഹം കളിക്കാന്‍ തയ്യാറാകും,' ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഷമിയുടെ തിരിച്ചുവരവ്
2023 ലോകകപ്പ് ഫൈനലിന് ശേഷം ഷമി ഇന്ത്യക്കായി ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. ഇതിനിടെ ഷമി പരിക്കേറ്റ കണങ്കാലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും പുനരധിവാസം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്ത്യയുടെ ഹോം സീസണില്‍ ഷമി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലും ഷമി കളിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഉത്തര്‍പ്രദേശിനായി ഷമി കളിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയതോടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 2023 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു. 2019 ലോകകപ്പിലും ഷമി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ കളിച്ചില്ലെങ്കില്‍ ആരായിരിക്കും ബാക്കപ്പ്?
മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരാണ് സാധ്യതയുള്ള ബാക്കപ്പ് ബൗളര്‍മാര്‍. ഷമി പ്രധാന ബൗളറായും കളിയ്ക്കും.