എന്തൊരു നിസ്വാര്‍ത്ഥന്‍, 90 കഴിഞ്ഞാലും സെഞ്ച്വറിയ്ക്കായി കോംപ്രമൈസില്ല, അമ്പരപ്പിക്കുന്നുവെന്ന് സൂര്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെ (107) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ 202 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയെ 141 റണ്‍സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒതുക്കി.
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പ്രശംസിച്ചു. 'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരുപാട് കഠിനപ്രയത്നത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഇപ്പോള്‍ അവന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ സന്തോഷമുണ്ട്,' സൂര്യ പറഞ്ഞു.
'മത്സരത്തില്‍ 90കളില്‍ നിന്ന സമയത്ത് പോലും സഞ്ജൂ ശ്രമിച്ചിരുന്നത് ബൗണ്ടറികള്‍ കണ്ടെത്താനാണ്. അവന്‍ ടീമിനുവേണ്ടി കളിക്കുന്നത് എന്ന് കൃത്യമായി നമുക്ക് ബോധ്യമാകുന്നു. അത്തരം മനോഭാവമാണ് സഞ്ജു സാംസണ്‍ പുലര്‍ത്തുന്നത്. അതാണ് ഞങ്ങള്‍ക്ക് ആവശ്യം' സൂര്യ കൂട്ടിച്ചേര്‍ത്തു.
സ്പിന്നര്‍മാരെ കൃത്യമായ സമയങ്ങളില്‍ ബൗളിംഗ് ക്രീസില്‍ എത്തിക്കുക എന്നതായിരുന്നു ഇന്ത്യയുടെ വിജയതന്ത്രമെന്നും സൂര്യ വെളിപ്പെടുത്തി. 'ക്ലാസ്സന്റെയും മില്ലറുടെയും നിര്‍ണായകമായ വിക്കറ്റുകള്‍ കൃത്യമായ സമയത്ത് വീഴ്ത്തണമെന്ന് ഞങ്ങള്‍ ലക്ഷ്യം വെച്ചിരുന്നു. സ്പിന്നര്‍മാര്‍ അതിനനുസരിച്ചുള്ള പ്രകടനവും കാഴ്ചവച്ചു.'
ഇന്ത്യയുടെ ട്വന്റി20 നായക സ്ഥാനം എത്രമാത്രം ആസ്വദിക്കുന്നുണ്ട് എന്ന ചോദ്യത്തിന് 'ടീമില്‍ കളിക്കുന്ന സഹതാരങ്ങളൊക്കെയും എന്റെ ജോലി വളരെ അനായാസമാക്കി മാറ്റുന്നുണ്ട്,' എന്നായിരുന്നു സൂര്യയുടെ മറുപടി.
'ഭയപ്പാടില്ലാത്ത മനോഭാവമാണ് ടീമിലുള്ള എല്ലാ താരങ്ങളും പുലര്‍ത്തുന്നത്. അവര്‍ കൃത്യമായി മൈതാനത്ത് ആസ്വദിച്ചു തന്നെ കളിക്കുന്നു,' സൂര്യ കൂട്ടിച്ചേര്‍ത്തു. 'ഇതൊരു ട്വന്റി20 ക്രിക്കറ്റ് ആണെന്നും 20 ഓവറുകള്‍ മാത്രമാണ് ഉള്ളതെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ 17 ഓവറുകളില്‍ തന്നെ 200 റണ്‍സ് സ്വന്തമാക്കാനും ഞങ്ങള്‍ ശ്രമിക്കും.'