ഞാൻ അത്രയേ പറഞ്ഞുളളൂ.. അതിനാണ് അവൻ എന്നോട് ചൂടായത്; ഒടുവിൽ പ്രതികരണവുമായി ഹെഡ്
അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം മുഹമ്മദ് സിറാജ് നൽകിയ തീപ്പൊരി സെൻഡ് ഓഫ് വലിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. 141 പന്തിൽ നിന്ന് 140 റൺസ് നേടിയ ഹെഡിനെ സിറാജ് യോർക്കർ എറിഞ്ഞ് പുറത്താക്കുകയായിരുന്നു.
ഹെഡിന്റെ വിക്കറ്റ് വീണതിൽ ഇന്ത്യൻ താരങ്ങൾ ആവേശഭരിതരായി. സിറാജ് ഹെഡിന് അടുത്തേക്ക് ചെന്ന് സെൻഡ് ഓഫ് നൽകി. കൈകൾ ഉയർത്തി കയറി പോകൂ എന്ന് ആംഗ്യം കാണിച്ച സിറാജ്, ക്രുദ്ധനായി എന്തൊക്കെയോ പറയുന്നതും കാണാമായിരുന്നു.
ഹെഡിന്റെ പ്രതികരണം:
"ഞാൻ സിറാജിനോട് 'വെൽ ബൗൾഡ്' എന്ന് പറഞ്ഞു. ഷെഡിലേക്ക് പോകാൻ അദ്ദേഹം ആംഗ്യം കാണിച്ചതിന് ശേഷം ഞാൻ തിരിച്ചും കുറച്ച് വാക്കുകൾ പറഞ്ഞു. അത് സംഭവിച്ച രീതിയിൽ ഞാൻ അൽപ്പം നിരാശനാണ്. അവർ അങ്ങനെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ പ്രതിനിധാന രീതിയാണെങ്കിൽ, അങ്ങനെയാകട്ടെ" ഹെഡ് പറഞ്ഞു.
രണ്ടാം ദിനം കളി നിർത്തിയ ശേഷം ഫോക്സ് സ്പോർട്സ് കമന്ററി ബോക്സിൽ ഓസീസ് ഇതിഹാസങ്ങളായ ബ്രെറ്റ് ലീ, ആദം ഗിൽക്രിസ്റ് എന്നിവരോടായിരുന്നു ഹെഡിന്റെ പ്രതികരണം.
ഹെഡ് പുറത്തായപ്പോൾ അഡ്‌ലെയ്ഡ് ആരാധകർ അദ്ദേഹത്തിന് എണീറ്റുനിന്ന് കരഘോഷം നൽകിയാണ് യാത്രയാക്കിയത്. എന്നാൽ സിറാജിന്റെ സെൻഡ് ഓഫിൽ ക്രുദ്ധരായ ആരാധകർ അദ്ദേഹത്തെ കൂവിവിളിക്കുകയും ചെയ്തിരുന്നു. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ വാദപ്രതിവാദങ്ങൾക്കും തുടക്കമിട്ടു. സിറാജിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മറ്റ് സഹതാരങ്ങളും ഏറെ പണിപ്പെട്ടാണ് സിറാജിനെ ശാന്തനാക്കിയത്.
വീഡിയോ:
ഓസ്ട്രേലിയയുടെ പ്രതാപകാലത്ത് ക്രിക്കറ്റിലെ സ്ഥിരം കാഴ്ചകളായിരുന്ന ഇത്തരം വെല്ലുവിളികൾ അടുത്തിടെ അന്യം നിന്നുപോയെന്ന് പരിതപിക്കുന്നവർക്കുള്ള മറുപടിയുമായി ഇത്. ആദ്യ ടെസ്റ്റിലും ചില സ്ലെഡ്ജിങ് നിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം കുറെ കൂടി സൗഹൃദപരമായാണ് കൈകാര്യം ചെയ്യപ്പെട്ടത്.