'അയാളെയാണ് പേടി’; ദുസ്വപ്നമായി തുടരുന്ന ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ താരം
ഇന്ത്യയുടെ മുൻനിര പേസറായ ജസ്പ്രീത് ബുംറയെ നേരിടുന്നത് ഏതാണ്ട് അസാധ്യമാണെന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡ്. വെള്ളിയാഴ്ച പെർത്തിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ ഒരുങ്ങുന്ന ബുംറ, തന്റെ പേസും, ബൗൺസും കൊണ്ട് ഇപ്പോഴത്തെ ഓസീസ് താരങ്ങളെയും, മുൻകാല താരങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ചിട്ടുണ്ട്
ഇന്ത്യക്കെതിരെ എപ്പോഴും മികച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള ട്രാവിസ് ഹെഡ് പോലും പെർത്തിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ ഭുമ്രയെ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് സമ്മതിക്കുന്നു. ഹെഡ് മാത്രമല്ല, ഓപ്പണർ ഉസ്മാൻ ഖവാജയും സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തും ഇന്ത്യയ്ക്ക് വേണ്ടി ബുംറയായിരിക്കും നിർണായകമാവുക എന്ന് സമ്മതിക്കുന്നുണ്ട്.
"അദ്ദേഹത്തെ നേരിടുന്നത് അസാധ്യമാണ്. മൈതാനത്ത് ഇറങ്ങുന്നത് വരെ നിങ്ങൾക്ക് മുൻതൂക്കമുണ്ടെന്ന് നിങ്ങൾ കരുത്തും. എന്നാൽ അദ്ദേഹം എപ്പോഴും ഒരു പടി മുന്നിലായിരിക്കും. ഏത് ഫോർമാറ്റിലും അദ്ദേഹം അപ്രതിരോധ്യനാണ്. അയാളാണ് ഇന്ത്യൻ ടീമിന്റെ യഥാർത്ഥ എക്സ്-ഫാക്ടർ. ഏതുഘട്ടത്തിലും അവർ ആശ്രയിക്കുന്ന ബൗളറാണ് അദ്ദേഹം. എന്നിട്ടും, എപ്പോഴും ഡെലിവർ ചെയ്യാനും അയാൾക്ക് കഴിയുന്നു." ഫോക്സ് ക്രിക്കറ്റിനോട് സംസാരിക്കവെ ഹെഡ് പറഞ്ഞു.
Advertisement
"വലിയ മത്സരങ്ങളിൽ വലിയ കളിക്കാരെ ഓരോ ടീമും ആഗ്രഹിക്കും. ഭുമ്രയാണ് അവരുടെ ഏറ്റവും വലിയ കളിക്കാരൻ എന്ന് ഞാൻ കരുതുന്നു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ നിങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സൃഷ്ടിക്കാൻ പോകുന്ന ഒരാളാണ് അദ്ദേഹം," ഹെഡ് കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിലെ ജസ്പ്രീത് ബുംറ
ഓസ്ട്രേലിയയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 2.47 എന്ന മികച്ച ഇക്കണോമിയിൽ 32 വിക്കറ്റുകൾ ഇന്ത്യൻ പേസർ നേടിയിട്ടുണ്ട്. 2018 ഡിസംബറിൽ അഡ്‌ലെയ്ഡിൽ നടന്ന തന്റെ ആദ്യ ടെസ്റ്റിൽ, ഇരു ഇന്നിംഗ്സുകളിലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി, ഇന്ത്യയുടെ 31 റൺസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് ഭുമ്രയാണ്. പെർത്തിൽ നടന്ന അടുത്ത മത്സരത്തിൽ ബുംറ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ഓസ്ട്രേലിയ 146 റൺസിന് ഇന്ത്യയെ തകർത്തെങ്കിലും, ഭുമ്ര വേറിട്ടുനിന്നു.
നവംബർ 22 മുതൽ പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരടങ്ങുന്ന ഇന്ത്യയുടെ പേസ് ആക്രമണത്തിന് ബുംറ നേതൃത്വം നൽകും.