കരുണും ബുംറയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി, ഡല്‍ഹി-മുംബൈ പോരാട്ടത്തില്‍ നാടകീയ രംഗങ്ങള്‍!
ഞായറാഴ്ച നടന്ന ഐപിഎല്‍ 2025 ലെ ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാടകീയമായ ചില സംഭവങ്ങളുണ്ടായി. മുംബൈയുടെ 12 റണ്‍സ് വിജയത്തിനിടയാക്കിയ മത്സരത്തിലാണ് കളിക്കളം ഒരു അപ്രതീക്ഷിത സംഭവത്തിന് വേദിയായത. ഡല്‍ഹി ബാറ്റിംഗിനിടെ, റണ്‍സിനായുള്ള ഓട്ടത്തിനിടയില്‍ കരുണ്‍ നായരും ജസ്പ്രീത് ബുംറയും തമ്മില്‍ കൂട്ടിയിടിച്ചതാണ് കയ്യാങ്കളിയുടെ വക്കിലെത്തിയത്.
40 പന്തില്‍ 89 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കരുണ്‍ നായരുടെ ഇന്നിംഗ്‌സിനിടെയായിരുന്നു ഈ സംഭവം. വെറും 22 പന്തുകളില്‍ അദ്ദേഹം അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.
ഓട്ടത്തിനിടെ കൂട്ടിയിടിയെത്തുടര്‍ന്ന് കരുണ്‍ നായരും ബുംറയും തമ്മില്‍ വാക്കേറ്റമുണ്ടായി. ബുംറ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു. എന്നാല്‍ കരുണ്‍ നായര്‍ തന്റെ ഭാഗം വിശദീകരിച്ചതോടെ സ്ഥിതി ശാന്തമായി. പിന്നീട് അദ്ദേഹം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായും സംസാരിച്ചു. ഈ സംഭവസമയത്ത് പശ്ചാത്തലത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മുംബൈയുടെ കൂറ്റന്‍ സ്‌കോര്‍
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. തിലക് വര്‍മ്മ 33 പന്തില്‍ 59 റണ്‍സുമായി ടോപ് സ്‌കോററായി. റയാന്‍ റിക്കല്‍ട്ടണ്‍ 25 പന്തില്‍ 41 റണ്‍സും സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 40 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച നമന്‍ ധീര്‍ 17 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്തു.
കരുണ്‍ നായരുടെ പോരാട്ടം വിഫലമായി
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 19 ഓവറില്‍ 193 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കരുണ്‍ നായരുടെ ഒറ്റയാള്‍ പോരാട്ടം (40 പന്തില്‍ 89 റണ്‍സ്) ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല. മുംബൈ ബൗളര്‍മാരില്‍ കര്‍ണ്‍ ശര്‍മ്മ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍ 43 റണ്‍സിന് രണ്ട് വിക്കറ്റും നേടി.
ഡല്‍ഹി ബൗളര്‍മാരില്‍ വിപ്രാജ് നിഗം 41 റണ്‍സിന് രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് മികച്ച പ്രകടനം കാഴ്ചവെച്ച് 23 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി. മുകേഷ് കുമാര്‍ ഒരു വിക്കറ്റ് നേടിയെങ്കിലും 38 റണ്‍സ് വഴങ്ങി.