ഡഗൗട്ടില്‍ പന്തും സഹീര്‍ ഖാനും തമ്മില്‍ വാഗ്വാദം; ലഖ്നൗ ബെഞ്ചില്‍ തമ്മിലടി
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) ക്യാപ്റ്റന്‍ ഋഷഭ് പന്ത് ടീം മെന്റര്‍ സഹീര്‍ ഖാനുമായി ടീം ബെഞ്ചിലിരുന്ന് തര്‍ക്കിക്കുന്ന വീഡിയോ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഈ സംഭവം.
ബാറ്റിംഗിന് തയ്യാറെടുക്കുന്നതിനിടെ പന്ത് സഹീര്‍ ഖാനുമായി ഗൗരവമായി സംസാരിക്കുന്നതും ആംഗ്യങ്ങള്‍ കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
മത്സരത്തില്‍ ഏഴാമനായി ഇറങ്ങിയ പന്ത് വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പുറത്തായിരുന്നു. ഈ തീരുമാനത്തെ ആരാധകരും വിദഗ്ധരും വിമര്‍ശിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. മത്സരത്തില്‍ എല്‍എസ്ജി എട്ട് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു.
പന്തും സഹീര്‍ ഖാനും തമ്മില്‍ എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, ഇരുവരും തമ്മില്‍ ചൂടന്‍ വാഗ് വാദങ്ങള്‍ നടക്കുന്നത് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. പന്തിന്റെ ശരീരഭാഷയും ആംഗ്യങ്ങളും ശ്രദ്ധേയമാണ്. ലഖ്നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹിയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഈ വീഡിയോ പുറത്തുവന്നത് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.
27 കോടി രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ പന്തിന്റെ പ്രകടനം ഈ സീസണില്‍ അത്ര മികച്ചതായിരുന്നില്ല. നിര്‍ണായക മത്സരത്തില്‍ താരം ഏഴാമനായി ഇറങ്ങിയതും പെട്ടെന്ന് പുറത്തായതും ടീമിന് തിരിച്ചടിയായി. ഇതിനിടയില്‍ മെന്ററുമായി തര്‍ക്കിക്കുന്നത് ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചന നല്‍കുന്നതാണോ എന്നും ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പന്തിന്റെയും സഹീര്‍ ഖാന്റെയും സംഭാഷണത്തെക്കുറിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ടീമിനുള്ളിലെ ഈ അസ്വാരസ്യങ്ങള്‍ വരും മത്സരങ്ങളില്‍ എല്‍എസ്ജിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.