കോലിയെ വേട്ടയാടി ഓസ്‌ട്രേലിയ, യാത്ര അയച്ചത് അസഭ്യ വര്‍ഷവുമായി
ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വിരാട് കോലിക്ക് ഓസ്‌ട്രേലിയന്‍ ആരാധകരില്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നു. കോലി പുറത്തായി മടങ്ങവെയാണ് ഓസീസ് ആരാധകര്‍ അസഭ്യം പറയുകയും കൂവുകയും എല്ലാം ചെയ്തത്.
നേരത്തെ സാം കോണ്‍സ്റ്റാസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഐസിസി കോലിക്ക് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോലിക്ക് ഓസീസ് ആരാധകരുടെ കൂവലുകള്‍ നേരിടേണ്ടി വന്നത്.
86 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത കോലി ക്ഷമയോടെയാണ് ബാറ്റ് ചെയ്തത്. എന്നാല്‍ യശസ്വി ജയ്സ്വാളുമായുള്ള റണ്‍ഔട്ട് കോലിയുടെ ക്ഷമയെ ബാധിച്ചു. ഒടുവില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി കോലി പുറത്തായി.
പുറത്തായി മടങ്ങുന്നതിനിടേയാണ് കോലിക്ക് വീണ്ടും ഓസീസ് ആരാധകരുടെ ചീത്തവിളിയ്ക്കും കൂവലുകള്‍ക്കും ഇരയായത്. ചില ആരാധകര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കോലി തിരിഞ്ഞുനോക്കുകയും പ്രതികരിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കോലിയെ ഡ്രസ്സിംഗ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയ 474 റണ്‍സെടുത്തിരുന്നു.