സണ്‍റൈസസ് ബോംബ് പൊട്ടിച്ചിരിക്കുന്നു, പുലിവാല് പിടിച്ച് മറ്റ് ഐപിഎല്‍ ടീമുകള്‍
ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള ചര്‍ച്ചകളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഹെയ്ന്റിച്ച് ക്ലാസെന്‍ (23 കോടി രൂപ), പാറ്റ് കമ്മിന്‍സ് (18 കോടി രൂപ), അഭിഷേക് ശര്‍മ്മ (14 കോടി രൂപ) എന്നിവരെ നിലനിര്‍ത്താനുള്ള അവരുടെ തീരുമാനം കളിക്കാരുടെയും ടീം ഉടമകളുടെയും ഇടയിലുള്ള കരാര്‍ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നു.
ക്ലാസെന് 23 കോടി രൂപ റിട്ടന്‍ഷന്‍ ഫീസ് ലഭിച്ചതോടെ നിരവധി ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ തുടരുന്നതിന് സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതാണ് ടീമുകള്‍ക്ക് അവരുടെ സ്‌ക്വാഡുകള്‍ അന്തിമമാക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണമെന്ന് പല ഫ്രാഞ്ചൈസികളും പറയുന്നു.
ഒക്ടോബര്‍ 31 ന് അവസാനിക്കുന്ന റിട്ടന്‍ഷന്‍ വിന്‍ഡോയുടെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍, പല ഫ്രാഞ്ചൈസികളും ഇപ്പോഴും ധാരണയിലെത്താന്‍ പാടുപെടുകയാണെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ഇന്ത്യന്‍ താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ക്ലാസെനെ 23 കോടി രൂപയ്ക്ക് നിലനിര്‍ത്തുമെന്ന് വ്യക്തമായതോടെ, ചര്‍ച്ചാ മേശയിലെ പല സമവാക്യങ്ങളും മാറി,' ഒരു ഫ്രാഞ്ചൈസി എക്‌സിക്യൂട്ടീവ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
റിട്ടന്‍ഷനുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ഇന്ത്യന്‍ കളിക്കാര്‍ അവരുടെ മാര്‍ക്കറ്റ് മൂല്യം പരിശോധിക്കുന്നുണ്ട്. മറ്റ് ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കുമോ എന്ന് അവര്‍ അന്വേഷിക്കുന്നു. രണ്ട് ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കുകയാണെങ്കില്‍, അവരുടെ നിലവിലെ ടീം വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന ബിഡ് അവര്‍ക്ക് ലഭിച്ചേക്കാം.
പഞ്ചാബ് കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവര്‍ ഇതുവരെ അവരുടെ ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. 'ബ്രാന്‍ഡ് മൂല്യം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന മികച്ച ഇന്ത്യന്‍ താരങ്ങളെ നോക്കുകയാണെങ്കില്‍, വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. ലേലത്തില്‍ അവരെ കാണുമ്പോള്‍ ഇനിയും കുറച്ച് ഓപ്ഷനുകള്‍ മാത്രമേയുള്ളൂ. അതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍, മികച്ച ഇന്ത്യന്‍ താരങ്ങള്‍ ലേലത്തില്‍ പ്രവേശിക്കുകയാണെങ്കില്‍, അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വലിയ ബിഡ് ലഭിച്ചേക്കാം,' മറ്റൊരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ പറയുന്നു.
കെഎല്‍ രാഹുല്‍ ലക്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് പുറത്തുപോകുമെന്ന് ഏകദേശം ഉറപ്പാണ്. ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് പുറത്തുപോയേക്കാം. ഋഷഭ് പന്ത് ടീം മാറുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു.