വിശ്വസിക്കാനാകുമോ ഈ ജയം, തിലക് വര്‍മ്മയെന്ന ഒറ്റയാള്‍ പോരാളി, ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യ
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലും തകര്‍പ്പന്‍ ജയവമായി ടീം ഇന്ത്യ. തിലക് വര്‍മ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ അവസാന ഓവറില്‍ മറികടന്നത്. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും പിടിച്ച് നിന്ന തിലക് വര്‍മ്മയാണ് (55 പന്തില്‍ 72*) വിജയശില്‍പിയായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോസ് ബട്ലര്‍ (30 പന്തില്‍ 45) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ വലിയ തകര്‍ച്ച നേരിട്ടു. അഭിഷേക് ശര്‍മ്മ (12), സഞ്ജു സാംസണ്‍ (5), സൂര്യകുമാര്‍ യാദവ് (12), ധ്രുവ് ജുറല്‍ (4), ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവര്‍ വേഗത്തില്‍ പുറത്തായി. എന്നാല്‍ തിലകും വാഷിംഗ്ടണ്‍ സുന്ദറും (26) ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി.
അവസാന ഓവറുകളില്‍ തിലക് മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. നാല് ഫോറും അഞ്ച് സിക്കസും അടങ്ങിയതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്. അഞ്ച് പന്തില്‍ പുറത്താകാതെ ഒന്‍പത് റണ്‍സെടുത്ത രവി ബിഷ്‌ണോയുടെ പ്രകടനവും നിര്‍ണ്ണായകമായി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി. ഇനി മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്.