ഷമിയുടെ തിരിച്ചുവരവ്, പന്ത് എന്‍സിഎയുടെ തലയിലേക്ക് തട്ടി രോഹിത് ശര്‍മ്മ
പേസര്‍ മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് എന്‍സിഎ വ്യക്തത വരുത്തേണ്ട സമയമായെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ ഷമിയെ കളിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്നും രോഹിത് പറഞ്ഞു. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്ത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ പരിക്കില്‍ നിന്ന് തിരിച്ചുവന്ന ഷമി, ശനിയാഴ്ച ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമിലും ഇടം നേടിയിട്ടുണ്ട്.
'എന്‍സിഎയില്‍ നിന്ന് ആരെങ്കിലും ഇക്കാര്യത്തില്‍ സംസാരിക്കേണ്ട സമയമായി. അദ്ദേഹം റിഹാബിറ്റേഷന്‍ നടത്തുന്നത് നമ്മുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. അവരാണ് ഞങ്ങള്‍ക്ക് എന്തെങ്കിലും അപ്ഡേറ്റ് നല്‍കേണ്ടത്' രോഹിത് പറഞ്ഞു.
അഡ്ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിന് ശേഷം, എസ്എംഎടിയില്‍ കളിക്കുമ്പോള്‍ ഷമിയുടെ കാല്‍മുട്ടില്‍ നീര് വന്നതായി രോഹിത് വെളിപ്പെടുത്തിയിരുന്നു.
'അദ്ദേഹം നാട്ടില്‍ ധാരാളം ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ കാല്‍മുട്ടിനെക്കുറിച്ചും ചില പരാതികളുണ്ട്. അതിനാല്‍, ഒരു കളിക്കാരന്‍ ഇവിടെ വന്ന് കളിക്കിടെ പിന്മാറുന്നതാണ് ഏറ്റവും മോശം കാര്യം. അത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍, ഞങ്ങള്‍ ആ അവസരം എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് 100%, 200% ഉറപ്പില്ലെങ്കില്‍, ഞങ്ങള്‍ ഒരു റിസ്‌കും എടുക്കില്ല' രോഹിത്ത് കൂട്ടിച്ചേര്‍ത്തു.
2023 നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് കണങ്കാലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തിന് പുറത്തായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിന് തൊട്ടുമുമ്പ്, അദ്ദേഹത്തിന്റെ കാല്‍മുട്ടില്‍ നീര് വരികയും തിരിച്ചുവരവ് വൈകുകയും ചെയ്തു. ഷമി പൂര്‍ണ്ണമായും ഫിറ്റാണെങ്കില്‍ ഇന്ത്യന്‍ ടീമിലെ വാതില്‍ തുറന്നിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.
'കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, വാതില്‍ തുറന്നിട്ടുണ്ട്. എന്‍സിഎയിലെ ആളുകള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ ഫിറ്റാണെന്ന് തോന്നുകയാണെങ്കില്‍, ഞങ്ങള്‍ക്ക് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷമേയുള്ളൂ' രോഹിത് പറഞ്ഞു.
ഷമിക്ക് ഇപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റിന്റെ കാഠിന്യം താങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം തന്നെ കരുതുന്നുവെന്ന് കഴിഞ്ഞയാഴ്ച ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞിരുന്നു.
'കാലില്‍ നീര് വന്നതായി തോന്നുന്നു. കൂടുതല്‍ കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അദ്ദേഹം തന്നെ താല്‍പ്പര്യപ്പെടുന്നു. അപ്പോള്‍ അദ്ദേഹത്തിന് കുറഞ്ഞത് മൂന്ന് സ്‌പെല്ലുകളും ഓരോ കളിയിലും 10 ഓവറുകളും എറിയാന്‍ കഴിയും' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.