ആരാണവന്‍, ഗംഭീറിനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം
ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പ്രകടനം നിരാശാജനകമായിരുന്നു. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരെല്ലാം മോശം ഷോട്ടുകള്‍ കളിച്ചു പുറത്തായതോടെ ഇന്ത്യ വീണ്ടും വന്‍ ലീഡ് വഴങ്ങുമെന്ന ഭീതിയിലായി. അതെസമയം മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇപ്പോഴത്തെ ഇന്ത്യയുടെ 'ബാറ്റിംഗ് കോച്ചി'നെ രൂക്ഷമായി വിമര്‍ശിച്ചു.
കളിക്കാരുടെ നേരത്തെ തന്നെയുളള സാങ്കേതിക പിഴവുകള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നതാണ് മഞ്ജരേക്കറെ പ്രകോപിപ്പിക്കുന്നത്. ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തിന് പിന്നാലെ പോയി കോഹ്ലി വീണ്ടും പുറത്തായത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീമിന് നിലവില്‍ ബാറ്റിംഗ് കോച്ച് ഇല്ലെന്നത് ശ്രദ്ധേയമാണ്. ഗൗതം ഗംഭീര്‍ ആണ് മുഖ്യ പരിശീലകന്‍. അഭിഷേക് നായര്‍, റയാന്‍ ടെന്‍ ഡോഷേറ്റ് എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമാരാണ്.
'ഇന്ത്യന്‍ ടീമിലെ ബാറ്റിംഗ് കോച്ചിന്റെ റോള്‍ പരിശോധിക്കേണ്ട സമയമായി. ചില ഇന്ത്യന്‍ ബാറ്റര്‍മാരുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇത്രയും കാലം പരിഹരിക്കപ്പെടാതെ തുടരുന്നത് എന്തുകൊണ്ടാണ്?' മഞ്ജരേക്കര്‍ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) കുറിച്ചു.
ഗില്‍, കോഹ്ലി, ജയ്സ്വാള്‍ എന്നിവര്‍ മോശം ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്. ഗില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി. ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മാര്‍ഷിന് തന്നെ ക്യാച്ച് നല്‍കി പുറത്തായി. കോഹ്ലി ഹേസല്‍വുഡിന്റെ പന്തില്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി.
നേരത്തെ, ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 445 റണ്‍സെടുത്തിരുന്നു. ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി. അലക്‌സ് ക്യാരി 70 റണ്‍സെടുത്തു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലവില്‍ 1-1 എന്ന നിലയിലാണ്. ഗാബ ടെസ്റ്റ് പരമ്പരയുടെ ഗതി നിര്‍ണ്ണയിക്കുമെങ്കിലും മഴ മത്സരത്തെ ബാധിക്കുന്നുണ്ട്.