പൂനെയിലും തോറ്റാല്‍.. ഡിബ്യുടിസിയില്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിക്കും
ബംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയത്തിന്റെ വക്കിലാണ്. ആദ്യ ടെസ്റ്റിനോട് സമാനമായ രീതിയില്‍ പൂനെയിലും ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ഇതോടെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 301 റണ്‍സ് മുന്നിലാണ്്.
പൂനെയിലും തോറ്റാല്‍ 12 വര്‍ഷത്തിനുശേഷം ഇന്ത്യക്ക് നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര കൈവിടുന്ന നാണക്കേട് രോഹിത്തിനെയും സംഘത്തേയും തേടിയെത്തു.. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകളെയും ഇത് പ്രതികൂലമായി ബാധിക്കും.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. പൂനെയില്‍ തോറ്റാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം കുറയും.
അവശേഷിക്കുന്ന ആറ് ടെസ്റ്റുകളില്‍ (ന്യൂസിലന്‍ഡിനെതിരെ ഒന്ന്, ഓസ്‌ട്രേലിയക്കെതിരെ അഞ്ച്) നാലെണ്ണമെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനാകൂ. ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകളിലെങ്കിലും ജയിക്കേണ്ടി വരും.
ഇനി ഒരു തോല്‍വി പോലും ഇന്ത്യക്ക് താങ്ങാനാവില്ല. ആറില്‍ നാല് ജയവും രണ്ട് സമനിലയും നേടിയാല്‍ മാത്രമേ ഇന്ത്യക്ക് നേരിട്ട് ഫൈനലിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ ഫൈനല്‍ സാധ്യത.