Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

നാളെ മഴയാണ്, ഡിക്ലയര്‍ ചെയ്യടാ, ഇംഗ്ലീഷ് താരത്തിന് ചുട്ടമറുപടി നല്‍കി ഗില്‍

10:25 AM Jul 06, 2025 IST | Fahad Abdul Khader
Updated At : 10:25 AM Jul 06, 2025 IST
Advertisement

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തുമ്പോള്‍ കളിക്കളത്തിലെ വീറും വാശിയും അതിരുവിടുകയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല, വാക്കുകള്‍കൊണ്ടും താരങ്ങള്‍ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില്‍ അരങ്ങേറുന്നത്. ഈ വാക്‌പോരിന് നടുവിലുള്ളത് മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ തന്നെ. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സ്ലെഡ്ജിംഗിന് ബാറ്റുകൊണ്ട് മാത്രമല്ല, നാക്കുകൊണ്ടും ചുട്ടമറുപടി നല്‍കി ഗില്‍ ആരാധകരുടെ കയ്യടി നേടുകയാണ്.

Advertisement

രണ്ടാം ഇന്നിംഗ്‌സിലെ 'മഴ' പ്രവചനം

മത്സരത്തില്‍ ഇന്ത്യ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച നിമിഷങ്ങളിലായിരുന്നു ഹാരി ബ്രൂക്കിന്റെ രണ്ടാം ശ്രമം. ആദ്യ ഇന്നിംഗ്‌സിലെ ഇരട്ട സെഞ്ച്വറിക്ക് ശേഷം രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറിയുമായി (161) ഗില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യയുടെ ലീഡ് 600 കടന്നതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഈ സമയത്താണ് ഗില്ലിനെ പ്രകോപിപ്പിക്കാനായി ബ്രൂക്ക് എത്തിയത്.

Advertisement

'വേഗം ഡിക്ലെയര്‍ ചെയ്യൂ, നാളെ മഴയാണ്. ഉച്ചയ്ക്ക് ശേഷം നിര്‍ത്താതെ മഴ പെയ്യും,' എന്നായിരുന്നു ബ്രൂക്കിന്റെ കമന്റ്. മഴ പെയ്ത് കളി സമനിലയിലാക്കി തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഇംഗ്ലണ്ടിന്റെ ആഗ്രഹമാണ് ബ്രൂക്കിന്റെ വാക്കുകളില്‍ നിഴലിച്ചത്. എന്നാല്‍, പരിചയസമ്പന്നനായ ഒരു നായകന്റെ പക്വതയോടെയായിരുന്നു ഗില്ലിന്റെ മറുപടി. 'അത് ഞങ്ങളുടെ നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍,' എന്ന് ഗില്‍ തിരിച്ചടിച്ചതോടെ ബ്രൂക്കിന്റെ മുഖത്തെ ചിരി മാഞ്ഞു. 'എന്നാല്‍ സമനിലയെങ്കിലും എടുത്തോളൂ' എന്ന് പറഞ്ഞ് ബ്രൂക്ക് പിന്‍വാങ്ങുകയായിരുന്നു. ഈ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആദ്യ ഇന്നിംഗ്‌സിലും തീപാറി; 'നിനക്ക് എത്ര ട്രിപ്പിളുണ്ട്?'

രണ്ടാം ഇന്നിംഗ്‌സിലെ ഈ സംഭവത്തിന് മുന്‍പ്, മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിലും ഗില്ലിനെതിരെ ബ്രൂക്ക് മൈന്‍ഡ് ഗെയിമുമായി എത്തിയിരുന്നു. ഗില്‍ തന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു അപ്പോള്‍. 290 റണ്‍സ് പിന്നിട്ട് ഗില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഏകാഗ്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബ്രൂക്ക് സംസാരിച്ചു തുടങ്ങി.

'290 കഴിഞ്ഞാല്‍ പിന്നെ ക്രീസില്‍ തുടരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,' എന്നായിരുന്നു ബ്രൂക്കിന്റെ പരിഹാസം കലര്‍ന്ന ഉപദേശം. എന്നാല്‍ ഒട്ടും കൂസാതെ, ബ്രൂക്കിന്റെ കരിയറിലേക്ക് വിരല്‍ചൂണ്ടുന്ന മറുപടിയാണ് ഗില്‍ നല്‍കിയത്: 'നിങ്ങള്‍ക്ക് എത്ര ട്രിപ്പിള്‍ സെഞ്ച്വറികളുണ്ട്?'

ഗില്ലിന്റെ ഈ ചോദ്യം ബ്രൂക്കിനെ നിശബ്ദനാക്കി. രസകരമായ കാര്യം, ആ സമയത്ത് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്ക് ആതര്‍ട്ടണ്‍, 2024-ല്‍ പാകിസ്താനെതിരെ ബ്രൂക്ക് നേടിയ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയുടെ കാര്യം ഓര്‍ത്തെടുക്കുന്നുണ്ടായിരുന്നു. എങ്കിലും, ഗില്ലിന്റെ തത്സമയമുള്ള മറുപടി ബ്രൂക്കിന് ഏല്‍ക്കേണ്ടി വന്ന കനത്ത പ്രഹരമായിരുന്നു.

സ്ലെഡ്ജിംഗില്‍ വീണോ ഗില്ലിന്റെ വിക്കറ്റ്?

വാക്കുകള്‍ കൊണ്ടുള്ള പോരാട്ടത്തില്‍ ഗില്‍ വിജയിച്ചെങ്കിലും, ആദ്യ ഇന്നിംഗ്‌സിലെ ബ്രൂക്കിന്റെ പ്രകോപനം ഫലം കണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 143-ാം ഓവറിലായിരുന്നു ഗില്ലും ബ്രൂക്കും തമ്മിലുള്ള ഈ സംഭാഷണം നടന്നത്. എന്നാല്‍, തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗില്‍ ടങ്ങിന് വിക്കറ്റ് നല്‍കി മടങ്ങി. ട്രിപ്പിള്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ വെച്ച് ഇന്ത്യന്‍ നായകന്റെ വിക്കറ്റ് വീണത് ബ്രൂക്കിന്റെ മൈന്‍ഡ് ഗെയിമിന്റെ ഫലമാണോ എന്ന ചര്‍ച്ചകള്‍ സജീവമാണ്.

എന്തുതന്നെയായാലും, റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയ ഇന്നിംഗ്‌സുകളുമായി ഗില്‍ ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചിരിക്കുകയാണ്. 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മുന്നിലുള്ളത് തോല്‍വി ഒഴിവാക്കുക എന്ന വലിയ വെല്ലുവിളിയാണ്. കളിക്കളത്തിലെ ഈ വാക്‌പോരുകള്‍ പരമ്പരയുടെ ആവേശം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ.

Advertisement
Next Article