സഞ്ജുവിന് കോളടിച്ചു, ബിസിസിഐ നീക്കം മലയാളി താരത്തിന് ലോട്ടറി
ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ടീമുകള്‍ക്ക് അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താമെന്നാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഒരു ആര്‍ടിഎം കാര്‍ഡും അനുവദിച്ചിട്ടുണ്ട്, അതുവഴി ലേലത്തില്‍ ഒരു താരത്തെ തിരികെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് കഴിയും. ഒരു താരത്തെ മാത്രം നിലനിര്‍ത്തുന്ന ടീമുകള്‍ക്ക് അഞ്ച് താരങ്ങളെ വരെ ആര്‍ടിഎം വഴി തിരികെ കൊണ്ടുവരാന്‍ കഴിയുന്നതാണ് ലേലത്തിലെ മറ്റൊരു പ്രധാന മാറ്റം.
നിലനിര്‍ത്തുന്ന താരങ്ങളുടെ പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. ആദ്യ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് തുക. എന്നാല്‍, നാലാമത്തെയും അഞ്ചാമത്തെയും താരങ്ങള്‍ക്ക് യഥാക്രമം 18 കോടിയും 14 കോടിയും ലഭിക്കും എന്നതാണ് ടീമുകളെ കുഴക്കുന്ന കാര്യം. ഇതോടെ മൂന്ന് താരങ്ങളെ മാത്രം നിലനിര്‍ത്തി, ആര്‍ടിഎം വഴി രണ്ട് താരങ്ങളെ തിരികെ സ്വന്തമാക്കാനാണ് ടീമുകള്‍ ശ്രമിക്കുക.
ഈ സാഹചര്യത്തില്‍, മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന് എത്ര തുക ലഭിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. രാജസ്ഥാന്‍ ഇതുവരെ നിലനിര്‍ത്തല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സഞ്ജു, റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍ എന്നിവരെ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ക്യാപ്റ്റനായ സഞ്ജുവിനെ ആദ്യം നിലനിര്‍ത്തുമെന്നതിനാല്‍, അദ്ദേഹത്തിന് 18 കോടി രൂപ പ്രതിഫലം ലഭിക്കും.
വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചാല്‍, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലറെ നിലനിര്‍ത്താനാണ് സാധ്യത. കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്നില്ലെങ്കിലും, മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള ബട്ലറെ നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ആഗ്രഹിക്കുന്നത്. രണ്ടാമത്തെ വിദേശ താരമായി ട്രെന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താനും സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ പവര്‍പ്ലേയില്‍ ബോള്‍ട്ടിന്റെ പ്രകടനം രാജസ്ഥാന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു.